- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറമടക്കായി സ്ഥാപിച്ച ട്രാൻസ്‌ഫോമർ ഉപയോഗശൂന്യമായത് നോട്ടമിട്ടു; ട്രാൻസ്‌ഫോമറിനുള്ളിൽ ലക്ഷങ്ങളുടെ മൂല്യമുള്ള ചെമ്പു കമ്പിയും കോയിലും കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് സുഹൃത്തുക്കൾ; അഴിച്ചെടുത്ത് മോഷണം നടത്തിയപ്പോൾ അമളി പിണഞ്ഞു; മൂന്നംഗസംഘം അറസ്റ്റിൽ
ചെറുതോണി: കെഎസ്ഇബി മുരിക്കാശേരി സെക്ഷൻ ഓഫിസിനു കീഴിൽ ദൈവംമേട്ടിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോമർ അഴിച്ച് അലുമിനിയം കോയിൽ മോഷ്ടിച്ചു കടത്തിയ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാത്തിക്കുടി കൊന്നയ്ക്കാമാലി ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49), മറ്റപ്പിള്ളിയിൽ ബിനു (30) എന്നിവരെയാണ് മുരിക്കാശേരി ഇൻസ്‌പെക്ടർ എൻ.എസ്.റോയി, അഡിഷനൽ ഇൻസ്‌പെക്ടർ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ദൈവംമേട്ടിൽ പ്രവർത്തിച്ചിരുന്ന പാറമടയ്ക്കു വേണ്ടി വൈദ്യുതി ബോർഡ് സ്ഥാപിച്ചതായിരുന്നു ട്രാൻസ്‌ഫോമർ. പാറമട ഏതാനും വർഷം മുൻപ് നിർത്തിപ്പോയെങ്കിലും വൈദ്യുതി ബോർഡ് ട്രാൻസ്‌ഫോമർ തിരികെ എടുത്തില്ല.
ഉപയോഗമില്ലാത്ത ഈ ട്രാൻസ്‌ഫോമറിനുള്ളിൽ ലക്ഷങ്ങളുടെ മൂല്യമുള്ള ചെമ്പു കമ്പിയും കോയിലും കിട്ടുമെന്ന് പ്രതികളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതനുസരിച്ച് പ്രതികൾ മൂന്നു പേരും ചേർന്നാണ് ട്രാൻസ്‌ഫോമർ ഇളക്കി എടുക്കുന്നതിനു പദ്ധതിയിട്ടത്. ഇതിനായി കിണറിനും മറ്റും ഉപയോഗിക്കുന്ന കപ്പിയാണ് ഉപയോഗിച്ചത്.
എന്നാൽ ട്രാൻസ്‌ഫോമർ പൊക്കിയെടുത്തു കവചം അഴിച്ചു മാറ്റിയപ്പോൾ ചെമ്പുകമ്പിക്കു പകരം അലുമിനിയം കോയിലാണു ലഭിച്ചത്. ഉദ്യമം പാളിയെന്നു മനസ്സിലാക്കിയ ഇവർ അലുമിനിയം കോയിൽ മാത്രം എടുത്ത് പിക്കപ് വാനിൽ കടന്നുകളഞ്ഞു. കഴിഞ്ഞ മാസം 23 നു ആയിരുന്നു സംഭവം.
മോഷണത്തിനു ശേഷം പ്രതികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ച കപ്പിയാണ് കേസിനു വഴിത്തിരിവായത്. കപ്പിയിൽ രേഖപ്പെടുത്തിയിരുന്ന കോഡ് നമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ ഇതു തോപ്രാംകുടിയിലെ ഇരുമ്പുകടയിൽ നിന്നു വാങ്ങിയതാണെന്നു കണ്ടെത്തി. ഇതോടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു.
ഒന്നാം പ്രതിയുടെ പുരയിടത്തിൽ നിന്ന് തൊണ്ടി സാധനങ്ങൾ കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ട്രാൻസ്‌ഫോമർ കടത്താനുപയോഗിച്ച പിക്കപ് വാനും പൊലീസ് പിടിച്ചെടുത്തു.
മറുനാടന് മലയാളി ബ്യൂറോ