ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി ലേബർ റൂമിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. രണ്ടരക്കിലോയുള്ള 'സ്റ്റോൺ' ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. അതിനു സാധ്യതയില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് സംശയം തോന്നിയത്. ഇതാണ് അമ്മയിൽ ദുരൂഹത മാറിയത്.

തുമ്പോളി വികസന ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന അതിഥിത്തൊഴിലാളികൾ കരച്ചിൽ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരുവുനായ്ക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് കുഞ്ഞ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ ദുരന്തം ഉറപ്പായിരുന്നു.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് യുവതി ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സയ്‌ക്കെത്തിയത്. ഇവർ പ്രസവിച്ചുവെന്ന് പരിശോധന നടത്തിയ ഡോക്ടർമാർക്കു മനസ്സിലായി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചശേഷം ചികിത്സതേടി എത്തിയതാകാമെന്നാണ് സംശയം. എന്നാൽ, കുട്ടി അവരുടേതാണോയെന്ന കാര്യത്തിൽ യുവതി വ്യക്തമായ മറുപടി നൽകിയിട്ടില്ല. കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടതറിഞ്ഞ് നോർത്ത് പൊലീസ് അമ്മയെ കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

അതിനിടെയാണ് വനിത-ശിശു ആശുപത്രിയിൽ ഒരു യുവതി വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയതായും അവർക്കു പ്രസവിച്ച ലക്ഷണങ്ങളുണ്ടെന്നും അറിഞ്ഞത്. യുവതി താമസിക്കുന്ന വീടിന്റെ മതിലിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ, ചികിത്സയിലുള്ള യുവതി തന്നെയാണെന്നാണ് നിഗമനം. ഇതിന് ഡി എൻ എ പരിശോധന അനിവാര്യമാണ്.

യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടരക്കിലോയുള്ള 'സ്റ്റോൺ' ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. അതിനു സാധ്യതയില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് സംശയം തോന്നിയത്. രാവിലെ രക്തസ്രാവത്തെ തുടർന്ന് യുവതി ബീച്ച് ആശുപത്രിയിൽ എത്തിയപ്പോൾ പ്രസവം കഴിഞ്ഞ് അധികനേരമായില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം യുവതി നൽകിയില്ല. വൈകാതെ കുഞ്ഞിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സാഹചര്യം അന്വേഷിക്കുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.യുവതിയും കുഞ്ഞും നിരീക്ഷണത്തിലാണ്. കുഞ്ഞ് യുവതി പ്രസവിച്ചതു തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും. ശിശുക്ഷേമ സമിതിക്കും റിപ്പോർട്ട് നൽകും .