തിരുവനന്തപുരം: വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മരണത്തിന് പിന്നിലെ കാരണം അറിയാമെന്നും അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുഹൃത്തിന്റെ വാട്‌സാപ്പ് സന്ദേശം പുറത്തു വന്നു. സിദ്ധാർഥന്റെ കൂടെ പഠിച്ച കുട്ടി സഹപാഠിക്ക് അയച്ച വാട്‌സാപ്പ് സന്ദേശമാണ് ദുരൂഹമാകുന്നത്. അതേസമയം സിദ്ധാർഥനെതിരേ പരാതി നൽകിയ പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആത്മഹത്യവാദത്തിന് തിയറിയുണ്ടാക്കാനായിരുന്നു ഈ പരാതി. ഇതിന് പിന്നിൽ കോളേജിലെ ചില അദ്ധ്യാപകരുടെ ബുദ്ധിയുമുണ്ട്. കാരണമില്ലാത്ത ആത്മഹത്യ പ്രശ്‌നമാകും. അതിന് വേണ്ടിയാണ് പെൺകുട്ടിയിൽ നിന്നും പരാതി എഴുതി വാങ്ങിയത്. മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യായിട്ടാണ് കേൾക്കുന്നത്. കൊന്ന് കഴിഞ്ഞ് കൊന്നവർ തന്നെയാണ് പരാതി നൽകുന്നത്- സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് മരണ ശേഷവും വിളിച്ചത് കേരളം കേട്ടതാണ്. ഇതേ പോലെ മരിച്ച സിദ്ധാർത്ഥിനെ പീഡകനാക്കാനായിരുന്നു എസ് എഫ് ഐയുടെ നീക്കം. ഇതിനെതിരെയാണ് കുടുംബം രംഗത്തു വരുന്നത്. സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി വാസ്തവമാണോ എന്ന് അറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണം. പെൺകുട്ടിയുടെ പേര് കോളേജ് അധികൃതർക്ക് അറിയാം. എന്നാൽ ഇത് വെളിപ്പെടുത്താൻ കോളേജ് മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. മാധ്യമങ്ങൾ കണ്ടെത്തണമെന്ന് സിദ്ധാർത്ഥിന്റെ കുടുംബം പറയുന്നു. പീഡന പരാതിയാണ് ഈ പെൺകുട്ടി നൽകിയത്. ഇത് തികച്ചും വ്യാജമായിരുന്നു. ആൾക്കൂട്ട വിചാരണയ്ക്ക് ന്യായം കണ്ടെത്താനായിരുന്നു ഈ കള്ളപരാതി. പരാതി നൽകിയത് എസ് എഫ് ഐ ബന്ധമുള്ള പെൺകുട്ടിയാണ്. ഇതിന് പിന്നിൽ കോളേജിലെ എസ് എഫ് ഐ നേതാക്കളും പ്രവർത്തിച്ചു. വ്യാജമായ ഈ പരാതിക്ക് പിന്നിൽ അദ്ധ്യാപക സംഘടനാ നേതൃത്വത്തിലെ ചിലരുടെ പങ്കുമുണ്ടായിരുന്നു.

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണൽ കമ്മിറ്റി ചേർന്നിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ചു പരാതി നൽകിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്. യുവാവിന്റെ മരണത്തിൽ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവുമെല്ലാം നടന്നിട്ടും ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നില്ല. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡീൻ എം.കെ നാരായണനെ വെറ്ററിനറി സർവകലാശാല വി സി സംരക്ഷിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.

ഫെബ്രുവരി 14-ന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകുന്നത് 18-നാണ്. അത്തരത്തിൽ ഒരുപരാതി ഉണ്ടായിരുന്നെങ്കിൽ അന്ന് തന്നെ നൽകാമായിരുന്നുവെന്നും വേണ്ട നടപടികൾ അന്ന് തന്നെ സ്വീകരിക്കാമായിരുന്നുവെന്നും സിദ്ധാർഥന്റെ അച്ഛൻ പറഞ്ഞു. എസ്.എഫ്.ഐക്കെതിരേ ഗുരുതര ആരോപണമാണ് സിദ്ധാർഥന്റെ കുടുംബം ഉന്നയിക്കുന്നത്. പെൺകുട്ടിയുടെ പരാതി കിട്ടി എന്ന കാര്യം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. 14-ാം തീയതിയാണ് പ്രശ്‌നം ഉണ്ടായി എന്നാണ് പറയുന്നത്. എങ്കിൽ എന്തുകൊണ്ട് 18-ാം തീയതി വരെ കാത്തിരുന്നു. പൊലീസിനേയോ കുടുംബത്തേയോ അറിയിക്കാമായിരുന്നല്ലോ. മരണം വരെ എന്തിനാ കാത്തിരുന്നത്. മരിച്ചു കഴിഞ്ഞ് എന്തിനാ പരാതി നൽകിയത്. കുറ്റവാളിയെ ശിക്ഷിക്കാനാണ് പരാതി നൽകേണ്ടത്. അല്ലാതെ മരിച്ചുകഴിഞ്ഞ് കുറ്റവാളിയെ ശിക്ഷിച്ചിട്ട് എന്തിനാ. കൊന്നു തിന്നുകഴിഞ്ഞാലും വൈരാഗ്യം തീരില്ല. അതാണ് ആ സംഘടന. അവർ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഏതറ്റവും പോകാനുള്ള ചെന്നായക്കൂട്ടമാണ് അവർ-സിദ്ധാർത്ഥന്റെ അച്ഛൻ പറയുന്നു.

റാഗിങ് വിരുദ്ധ നടപടികൾ നടപ്പാക്കുന്നതിൽ വെറ്ററിനറി സർവകലാശാല വരുത്തിയത് അക്ഷന്തവ്യമായ വീഴ്ച. മൂന്ന് ദിവസം ജെ.എസ്. സിദ്ധാർഥനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടും ക്യാംപസിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ തിരിഞ്ഞു നോക്കിയില്ല. സർവകലാശാലയിലെ ആന്റി റാഗിങ് സമിതി നിർജീവമാണ്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സേവ് യൂണിവേഴ്‌സിറ്റി സമിതി രംഗത്തെത്തി. വെറ്ററിനറി സർവകലാശാലയുടെ പൂക്കോട് കാമ്പസിൽ വാലന്റെയ്ൻസ് ദിനാഘോഷങ്ങളുടെ ഒരുക്കം തുങ്ങുന്നത് ഫെബ്രുവരി 12 മുതലാണ് . ആഘോഷത്തിന്റെ ഒരുക്കങ്ങൾ അതിര് വിടുന്നത് കണ്ടിട്ടും കാമ്പസിൽ ഉള്ള വിസിയും ഡീനും ഉൾപ്പെടെയുള്ളവർ കണ്ണടച്ചു. 14 ലെ ആഘോഷം മുതൽ പ്രശ്‌നങ്ങൾ കടുത്തു. 16, 17, 18 ദിവസങ്ങളിൽ സിദ്ധാർഥനെ നിരന്തരമായി മർദ്ദിക്കുകയും ആൾക്കൂട്ട വിചാരണക്ക് വിധേയമാക്കുകയും ചെയ്തിട്ടും അദ്ധ്യാപകർ അറിഞ്ഞില്ല.

ആന്റി റാഗിങ് സമിതി കാമ്പസിൽ നിർജീവമാണ്. സമിതി യോഗം ചേരുന്നതും പ്രവർത്തിക്കുന്നതും കടലാസിൽമാത്രം. യുജിസിയുടെ എല്ലാ ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കപ്പെട്ടു എന്ന് വ്യക്തമാണ്. ഹോസ്റ്റലിലേക്ക് അദ്ധ്യാപകർപോകാറില്ല. ആന്റി റാഗിങ് സമിതി കൺവീനർ, ഹോസ്റ്റൽ വാർഡൻ, സ്്റ്റുഡന്റ് വെൽഫർ ചുമതലയുള്ള അദ്ധ്യാപകൻ, യൂണിയൻ അഡൈ്വസർ തുടങ്ങി എല്ലാവരും വരുത്തിയത് ഗുരുത വീഴ്ചയാണ്. കാമ്പസ് സെക്യൂറിറ്റി ഉദ്യോഗസ്ഥരുണ്ടോ എന്നുപോലും ആർക്കും അറിയില്ല. വിസിയെയും അദ്ധ്യാപകരെയും ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.

സംഭവത്തിൽ പ്രതിചേർക്കപ്പെട്ട നാലുപേർക്കെതിരേ വയനാട് ജില്ലാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ എന്നിവർക്കെതിരേയാണ് വയനാട് ജില്ലാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.