- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാറ്റിക് ഡാൻസിന് അദ്ധ്യാപകരുടെ വിലക്ക്; അനുമതി തരാമെന്ന് പിടിഎ പ്രസിഡന്റും; പിന്നെ പീഡന ശ്രമം; ഓണാഘോഷത്തിനിടെ പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് ചുംബിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ഒടുവിൽ എച്ചിക്കൊവ്വലിലെ ടിടി ബാലചന്ദ്രൻ അഴിക്കുള്ളിൽ; സഖാവിനെ ചന്തേര പൊലീസ് പൊക്കുമ്പോൾ
കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ പി.ടി.എ പ്രസിഡന്റ് അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പിലിക്കോട് എച്ചിക്കൊവ്വലിലെ ടി.ടി. ബാലചന്ദ്രൻ ആണ് അറസ്റ്റിലായത്. എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്‌പി പി ബാലകൃഷ്ണൻ നായരുടെയും എസ്‌ഐ ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിലിക്കോട് ഏച്ചിക്കൊവ്വലിലെ ടി. ടി. ബാലചന്ദ്രൻ. സെപ്റ്റംബർ 2ന് ഹയർസെക്കണ്ടറി സ്‌കൂളിലെ സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. കാസർഗോഡ് നിന്ന് ചന്തേര പൊലീസാണ് ഇയാളെ പിടികൂടിയത്.
ഓണാഘോഷത്തിൽ സിനിമാറ്റിക് നൃത്തം അവതരിപ്പിക്കാനെത്തിയ പതിനെട്ട് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയുടെ സംഘത്തെ സിനിമാറ്റിക് നൃത്തം അവതരിപ്പിക്കുന്നതിൽ നിന്ന് അദ്ധ്യാപകർ വിലക്കിയപ്പോൾ, പിടിഎ പ്രസിഡണ്ടായ ടി.ടി. ബാലചന്ദ്രനോട് അനുമതി വാങ്ങാനാണ് പെൺകുട്ടി ബാലചന്ദ്രനെ സ്‌കൂൾ മുറിയിൽച്ചെന്ന് നേരിൽക്കണ്ടത്.
അനുമതി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്‌കൂളിൽ ആരുമില്ലാത്ത മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ബാലചന്ദ്രൻ പെൺകുട്ടിയെ കയറിപ്പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി. പെൺകുട്ടി സ്‌കൂളധികൃതർക്ക് നൽകിയ പരാതി സ്‌കൂൾ പ്രധാനധ്യാപകൻ പൊലീസിന് കൈമാറുകയായിരുന്നു. മാനഭംഗശ്രമത്തിനാണ് ടി. ടി. ബാലചന്ദ്രനെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമം 354 എ1(ഐ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളത്. ബലാത്സംഗ ശ്രമമാണ് ചേർക്കേണ്ടതെങ്കിലും സിപിഎം സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റകൃത്യത്തിന്റെ വകുപ്പുകൾ പൊലീസ് നിസ്സാരവൽക്കരിച്ചതെന്ന് ആരോപണമുയർന്നിരുന്നു
സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറിയായ ബാലചന്ദ്രന് എതിരെ നേരത്തെയും സ്ത്രീവിഷയത്തിൽ പരാതികളുയർന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചാൽ എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഈ കേസിൽ ബാലചന്ദ്രനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി, പിടിഎ പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ