- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ടിടിഇയുടെ കൊലപാതകത്തിൽ തെല്ലും കുറ്റബോധമില്ലാതെ പ്രതിയുടെ വിവരണം;
കൊച്ചി: മദ്യലഹരിയിൽ ചെയ്ത് പോയ ഒരുഅബദ്ധം ആയിരുന്നില്ല അല്ല. ടിക്കറ്റില്ലാതെ റിസർവേഷൻ കംപാർട്‌മെന്റിൽ യാത്ര ചെയ്തതിന് ഫൈനടിച്ച ടിടിയെ പക കൊണ്ട് തള്ളിയിട്ടതാണെന്നാണ് വ്യക്തമാകുന്നത്. തൃശൂർ വെളപ്പായയിലാണ് ട്രെയിനിൽ നിന്ന് ടിടിഇ വിനോദ് കണ്ണനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി രജനീകാന്ത രണജിത്തിന് (40) എതിരെ കൊലക്കുറ്റം ചുമത്തി. ഇയാൾ ഒഡിഷ ഗഞ്ചം സ്വദേശിയാണ്.
എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്‌ന എക്സ്‌പ്രസിലാണ് സംഭവം നടന്നത്. യാതൊരു കൂസലുമില്ലാതെ സംഭവം വിവരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. റെയിൽവേ പൊലീസിനോടും ആർ.പി.എഫിനോടും സംഭവത്തെ കുറിച്ച് ഇയാൾ വിശദീകരിക്കുന്നത് ഇങ്ങനെ:
'ഞാൻ ഇങ്ങനെയാണ് തള്ളിയത്, അയാൾ താഴെവീണു' എന്നാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ട്രെയിനിലെ സീറ്റിൽ കിടന്നുകൊണ്ട് വലിയ ശബ്ദത്തോടെയാണ് പ്രതി ഇതെല്ലാം പറയുന്നത്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകണമെന്നും ഇയാൾ കൂടെക്കൂടെ പറയുന്നുണ്ട്.
തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. ട്രെയിനിന്റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്‌ഐആറിൽ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ജനറൽ ടിക്കറ്റുമായി റിസർവ് കോച്ചിൽ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താൻ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത പൊലീസിനോട് പറഞ്ഞത്. തന്റെ കൈയിൽ പണമില്ലായിരുന്നുവെന്നും പിഴ നൽകണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയിൽ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാർ നൽകിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്.
കുന്നംകുളത്ത് ഹോട്ടൽത്തൊഴിലാളിയായ രജനീകാന്ത തൃശ്ശൂരിൽനിന്നാണ് ട്രെയിനിൽ കയറിയത്. 5.20-ന് എറണാകുളത്തുനിന്നു പുറപ്പെട്ട വണ്ടി 6.41-ന് തൃശ്ശൂർ സ്റ്റേഷനിലെത്തി 6.47-നാണ് അവിടെനിന്ന് പുറപ്പെട്ടത്.ടി.ടി.ഇ.യെ തള്ളിയിട്ടശേഷം ഒന്നും സംഭവിക്കാത്തതുപോലെ പ്രതി തിരികെ സീറ്റിൽ പോയി ഇരുന്നു. അയാൾക്ക് മദ്യത്തിന്റെ നല്ലമണമുണ്ടായിരുന്നു. നാലുപേർ ചേർന്നിട്ട് പോലും അയാളെ കീഴ്പ്പെടുത്താനായില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ് കണ്ണൻ (48) ആണ് മരിച്ചത്.
വെളപ്പായയിലെ റെയിൽവേട്രാക്കിലും തെളിവെടുപ്പ് നടന്നു. റെയിൽവേ ട്രാക്കിൽ പരിശോധന നടത്തുന്ന ഫൊറൻസിക് വിദഗ്ധരും പൊലീസും റെയിൽവേ പൊലീസിന്റെയും വിരലടയാള വിദഗ്ധരുടേയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മരിച്ച ടി.ടി.ഇ.യുടെ തലമുടി അടക്കമുള്ള തെളിവുകൾ സ്ഥലത്തുനിന്ന് ശേഖരിച്ചു. റെയിൽവേ ഇൻസ്പെക്ടർ പി.വി. രമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്.