- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം നാട്ടിൽ അറിയിച്ചത് ആത്മഹത്യയെന്ന്; ഹൃദയസ്തംഭനംമൂലം മരിച്ചെന്നും വിവരം കിട്ടി; കൊലപ്പെടുത്തിയതെന്ന് ഒടുവിൽ വെളിപ്പെടുത്തൽ; രണ്ടര വർഷം മുമ്പ് അബുദാബിയിൽ മരിച്ച ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമാർട്ടം നടത്തും
ചാലക്കുടി: രണ്ടര വർഷം മുമ്പ് അബുദാബിയിൽ മരിച്ച നോർത്ത് ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ ഓഗസ്റ്റ് 25-ന് കല്ലറയിൽനിന്ന് പുറത്തെടുക്കും. ഡെൻസി ആന്റണിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കാനാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. കുഴിമാടം വ്യാഴാഴ്ചയാണ് തുറക്കുക. ഇതിന് ഇരിങ്ങാലക്കുട ആർഡിഒ അനുമതി നൽകി.
അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്സ് പള്ളിയിലാണ് സംസ്‌കരിച്ചത്.
നോർത്ത് ചാലക്കുടി വാളിയേങ്കൽ റോസിലിയുടെ മകളാണ് ഡെൻസി (38). ഇവർക്ക് മൂന്ന് മക്കളുണ്ട്. 2019 ഡിസംബറിലാണ് ജോലി തേടി അബുദാബിയിലേക്ക് പോയത്. മൂന്ന് മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം കുറച്ചു ദിവസം മുമ്പ് മാത്രമാണ് കുടുംബാംഗങ്ങൾ അറിഞ്ഞത്. ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്ന് പറഞ്ഞ് അൻവർ എന്നയാളാണ് ഡെൻസിയുടെ മരണം കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട്, നിലമ്പൂരിൽ നിന്നും ചാലക്കുടിയിൽ നിന്നും പൊലീസെത്തി മൊഴിയെടുത്തു.
കേസിന്റെ അന്വേഷണ ചുമതലയുള്ള നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ എബ്രഹാം നൽകിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോർട്ടത്തിന് അനുമതി ലഭിച്ചത്. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണ് ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണ് റീ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് തീരുമാനിച്ചത്.
ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെൻസിയെയും 2020 മാർച്ച് 5 നാണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം.
ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്‌മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഇവർ മൊഴി നൽകിയിരുന്നു. ഒരാഴ്ച മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.
2020 മാർച്ച് അഞ്ചിനാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യുവതിയെയും ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഡെൻസി ആന്റണിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചത്. ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നാണ് അബുദാബി പൊലീസ് തീർപ്പുതൽപ്പിച്ചത്. എന്നാൽ ഷൈബിനും കൂട്ടാളികളും മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതിനു പിന്നാലെയാണ് തെളിവുകൾ ഓരോന്നായി പുറത്തുവന്നത്.
ഹാരിസിനെ അബുബാബി പൊലീസിൽ, കേസിൽ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്ളാറ്റിൽ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജർ ഡെൻസി ആന്റണിയെയും വകവരുത്താൻ തീരുമാനിച്ചു. തന്റെ മുന്നുമക്കളെ ഓർത്ത് വെറുതെ വിടണമെന്ന ഡെൻസിയുടെ അപേക്ഷ ഒന്നും ക്വട്ടേഷൻ സംഘം കേട്ടതായി ഭാവിച്ചില്ല.
ഷൈബിൻ നാട്ടിലിരുന്ന് ക്വട്ടേഷൻ സംഘത്തിന് നിർദ്ദേശങ്ങൾ നൽകി. ഡെൻസിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ ഹാരിസിന്റെ വിരലുകൾ അമർത്തിയാണ് തെളിവുണ്ടാക്കിയത്. ഹാരിസിന്റെ വായിൽ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീർക്കാൻ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു. ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നു.
എന്നാൽ, കൊലപാതകം നടത്തിയതിന് പിന്നാലെ എട്ടംഗ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായില്ല.കോവിഡ് കാരണമുള്ള ലോക് ഡൗണായിരുന്നു കാരണം. രണ്ടുമാസം ഫ്ളാറ്റിൽ സംഘം കുടുങ്ങി. ക്വട്ടേഷൻ സംഘം അബുദാബിയിൽ താമസിച്ചതാകട്ടെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അടുത്ത ബന്ധു വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു. ബന്ധു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് സംഘത്തെ ഏൽപ്പിച്ച ശേഷം നാട്ടിലേക്ക് പോന്നു.എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ ഷൈബിൻ നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ