- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൽമാൻ ഖാന്റെ വീടിനുനേരെ വെടിവച്ച രണ്ടുപേരെ ഗുജറാത്തിൽ നിന്ന് പിടികൂടി
മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ പെട്ട രണ്ട് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചാണ നടന്റെ വീട് ആക്രമിച്ച രണ്ട് പേരെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജിൽവച്ചാണ് ഇവരെ പിടികൂടിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. വെടിവയ്പിനുശേഷം ഇരുവരും മുംബൈയിൽനിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയിൽ എത്തിക്കും.
അതേസമയം പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പൊലീസ് പറഞ്ഞിരുന്നു. ബിഷ്‌ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സൽമാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട വിശാൽ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു.
പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ഒരാൾ വെള്ളയും കറുപ്പും ചേർന്ന ടി ഷർട്ടും മറ്റൊരാൾ ചുവന്ന ടി ഷർട്ടുമാണ് ധരിച്ചിരുന്നത്. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്‌സി അപ്പാർട്ട്‌മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്പോൾ സൽമാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികൾ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികൾ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയിൽ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഗാലക്‌സി അപ്പാർട്ട്‌മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമ്മിത തോക്കാണ് അക്രമികൾ ഉപയോഗിച്ചതെന്നാണ് വിവരം. അക്രമികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പൊലീസ് ചോദ്യംചെയ്തു.
ഇയാൾ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാൾക്ക് വിറ്റതായി പൻവേൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വിൽക്കാൻ സഹായിച്ച ഏജന്റും പൊലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൽമാൻഖാന്റെ വീട്ടിൽ കനത്തസുരക്ഷ ഏർപ്പെടുത്തി. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറി. പത്തുപേർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചു. നിലവിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സൽമാൻഖാൻ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ ഇദ്ദേഹത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും വാഗ്ദാനംചെയ്തു.
സംഭവത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അന്മോൾ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇതൊരു ട്രെയിലറാണെന്നായിരുന്നു അന്മോൾ ബിഷ്‌ണോയി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഇതിനുശേഷം വെടിയുതിർക്കുന്നത് ആളില്ലാത്ത വീടുകളിലേക്കാവില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.
അന്മോൾ ബിഷ്‌ണോയി നിലവിൽ കാനഡയിലോ യുഎസിലോ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. 18-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021-ൽ ജോധ്പുർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അന്മോൾ വിദേശത്തേക്ക് മുങ്ങിയെന്നാണ് സൂചന. അന്മോൾ ബിഷ്ണോയി യുഎസിൽ വച്ച് ഷൂട്ടർമാരെ തിരഞ്ഞെടുക്കുന്ന ദൗത്യം അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു അധോലോക തലവൻ രോഹിത് ഗോദാരയ്ക്ക് നൽകി. ഗോദാരയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ ഷൂട്ടർമാരുടെ ശൃംഖല തന്നെയെുണ്ട്. അതുകൊണ്ടാവാം ഇയാളെ ദൗത്യം ഏൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
അന്മോൾ ബിഷ്ണോയിയുടെ ഫേസ്‌ബുക്ക് പേജിന്റെ ഐപി വിലാസം കാനഡയിൽ ആണെന്ന് മനസ്സിലായിട്ടുണ്ട്. വിപിഎൻ ഉപയോഗിച്ച് സൃഷ്ടിച്ച പോസ്റ്റാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. രാജസ്ഥാനിലെ രാജു തേതുകൊലക്കേസ്, ഗോഗാമേദി വധക്കേസ് എന്നിങ്ങനെയുള്ള പ്രമാദമായ സംഭവങ്ങളിൽ ഉൾപ്പെട്ട രോഹിത് ഗോദാര ബിഷ്ണോയി ഗ്യാങ്ങിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ബിഷ്ണോയി ഗ്യാങ് ആയുധങ്ങളുടെ വിതരണം കൃത്യമായി ഉറപ്പാക്കുന്നുണ്ട്. തന്റെ ഇന്ത്യയിലെ കൂട്ടാളികൾ വഴി ഷൂട്ടർമാർക്ക് തോക്കും മറ്റും ഗോദാര എത്തിച്ചുകൊടുത്തു എന്നാണ് സംശയിക്കുന്നത്. കാലു എന്നറിയപ്പെടുന്ന വിശാലാണ് ഷൂട്ടർമാരിൽ ഒരാളെന്നും സംശയിക്കുന്നു. വിശാൽ, ഗുരുഗ്രാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായി സച്ചിൻ മുഞ്ചാലിന്റെ മാർച്ച് മാസത്തിലെ കൊലപാതവുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന ക്രിമിനലാണ്. സോഷ്യൽ മീഡിയ പോസ്റ്റ് വഴി മുഞ്ചാലിന്റെ കൊലപാതകത്തിൽ പങ്കുള്ളതായി ഗോദാര സമ്മതിച്ചിരുന്നു.
വിശാലും കൂട്ടാളിയും റായ്ഗഡിൽ നിന്നൊരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയാണ് സൽമാൻ ഖാന്റെ വസതിയിലേക്ക് പുറപ്പെട്ടത് പനവേലിൽ നിന്ന് മുംബൈയിലേക്ക് ബൈക്കിലാണ് അവരെത്തിയത്. ഈ ബൈക്കിന്റെ വിൽപ്പനയെ കുറിച്ചും അന്വേഷിച്ചുവരുന്നു. സാധാരണഗതിയിൽ സൽമാൻ ഖാന്റെ വസതിക്ക് മുമ്പിൽ ഉണ്ടാകാറുള്ള പൊലീസ് വാഹനം ഞായറാഴ്ച പുലർച്ചെ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ ഹിറ്റ് ലിസ്റ്റിലെ 10 പേരിൽ ആദ്യസ്ഥാനത്തുള്ളയാളാണ് സൽമാൻ ഖാൻ. 1998ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയിയുടെ പകയ്ക്ക് കാരണം. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സൽമാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സൽമാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്‌റ എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ് ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവർ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ബിഷ്‌ണോയികൾ ഇടപെടാറുണ്ട്.