തിരുവനനപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. കോടിയേരിയെ അപമാനിച്ച് കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം സ്വദേശി വിഷ്ണു ജി.കുമാറിനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് പിടിയിലായ വിഷ്ണു. പോസ്റ്റിന്റെ അടിസ്ഥാനത്തിന്റെ ഡിവൈഎഫ്‌ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്കിനെ സർവ്വീസിൽ നിന്നും ഇന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹെഡ് ക്ലാർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്തത്. രജിസ്‌ട്രേഷൻ ഐജിയാണ് സന്തോഷിനെതിരെ നടപടി എടുത്തത്. രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട അടിസ്ഥാനത്തിൽ സന്തോഷിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.

കോടിയേരിയെ അവഹേളിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിൽ ജനങ്ങളോട് മാപ്പ് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐആയിരുന്ന ഉറൂബാണ് മാപ്പ് ഫേസ്‌ബുക്കിലൂടെ മാപ്പ് ചോദിച്ചത്. ഒരു സ്‌കൂൾ ഗ്രൂപ്പിലിട്ട പോസ്റ്റ് തെറ്റെണ്ട് കണ്ട് മുപ്പത് സെക്കൻഡിനകം താൻ പിൻവലിച്ചിരുന്നുവെന്നും മരണവാർത്ത അറിഞ്ഞ ഉടൻ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നെന്നും ഇയാൾ വിശദീകരിക്കുന്നു.

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ കൂടിയായ ഉറൂബിനെ സിറ്റി പൊലിസ് കമ്മീഷണർ സ്പർജൻകുമാർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. ഊറൂബിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സിപിഎം ഉപരോധിച്ചിരുന്നു.