തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനം വന്നത് ഇന്നലെയാണ്. എന്നാൽ, ഇന്നലെ വരെ വിളിച്ചു ശീലിച്ച മുദ്രാവാക്യം ഒരു സുപ്രഭാതത്തിൽ മാറ്റാൻ പ്രവർത്തകർക്ക് സാധിക്കുമോ? അല്ലെന്ന് തന്നെ പറയേണ്ടി വരും. എന്നാൽ, എല്ലാം മറന്നേ തീരു.. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പ്രശ്‌നങ്ങളാണ്. എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തി ആക്രമണം കാണിച്ചവരെല്ലാം അഴിക്കുള്ളിൽ കിടക്കുമ്പോഴാണ് ഒരു 'ഹൈറേഞ്ച് ഹക്കീം' പോലൊരു സംഭവം ഉണ്ടായിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടു പേർ തിരുവനന്തപുരം കല്ലമ്പലത്ത് അറസ്റ്റിലാകുകയായിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തുകൊടി അഴിച്ചു മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ചവരാണ് അറസ്റ്റിലായത്. നിരോധനം ഏർപ്പെടുത്തിയ വിഷമത്തിൽ കൊടി അഴിച്ചുമാറ്റവെ രണ്ട് മുദ്രാവാക്യവും കൂടി വിളിച്ചതോടെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുടുങ്ങിയത്. ഈ സംഭവത്തിൽ ഇരുവർക്കുമെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തു.

അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സ്വീകരിക്കുന്ന നടപടികൾ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. തുടർനടപടി നിശ്ചയിക്കാൻ ചേർന്ന കലക്ടർമാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിർദ്ദേശം നൽകിയത്. നിയമനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പറഞ്ഞു. വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുകയാണ്.

നേരത്തെ ഇടുക്കി ബാലൻപിള്ള സിറ്റിയിൽ പിഎഫ്‌ഐ അനുകൂല പ്രകടനം നടത്തിയവരും കുടുങ്ങി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലൻപിള്ള സിറ്റിയിലാണ് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ബാലൻപിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് ഇവർ പ്രകടനം നടത്തിയത്.

അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. പ്രകടനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.