കണ്ണൂർ: ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചുകൊന്നകേസിൽ അറസ്റ്റിലായ സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. പൊലിസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്. ഉദയഗിരി പുല്ലരി തൊമരക്കാട്ട കുമ്പുക്കൽ ദേവസ്യയെന്ന തങ്കച്ചനാ(76)ണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ തളിപറമ്പ് ആടിക്കാംപാറയിൽ താമസിക്കുന്ന കടവിൽപറമ്പിൽ സൈമോനെയാ(36)ണ് ആലക്കോട് എസ്. എച്ച്.ഒ അനിൽകുമാർ അറസ്റ്റു ചെയ്തത്.

കൊല്ലപ്പെട്ട ദേവസ്യയുടെ സഹോദരി അന്നക്കുട്ടിയെന്ന കുഞ്ഞൂഞ്ഞമ്മയുടെ മകനാണ് സൈമോൻ. ഞായറാഴ്‌ച്ച വൈകിട്ട് ആറുമണിയോടെ തൊമരക്കാട് കുളത്തിന് സമീപത്തെ വീട്ടിൽവച്ചാണ് ദേവസ്യ കൊല്ലപ്പെടുന്നത്. റോഡിൽ നിന്നും 200-മീറ്ററോളം മാറി മലമുകളിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ദേവസ്യ ചെറുപ്പത്തിലെ ഇരുകാലുകളും തളർന്ന നിലയിലാണ് ജീവിച്ചിരുന്നത്. ഇദ്ദേഹവും അനുജൻ തോമ്മക്കുട്ട, അന്നക്കുട്ടിയുടെ മറ്റൊരു മകൻ ഉദയഗിരിയിലെ ചുമട്ടുതൊഴിലാളിയായ ഷൈജു എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇടയ്ക്കിടെ സൈമോനും ഇവിടെയെത്തി താമസിക്കാറുണ്ട്. എളമ്പേരത്ത് മീൻ കച്ചവടം നടത്തുന്ന ഇയാൾ തളിപറമ്പിലും തൊമരക്കാട്ടും മാറി മാറിയാണ് താമസിച്ചുവരുന്നത്.

ഇതിനിടെ കർണാടക സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹംചെയ്തിരുന്നു. ഭാര്യയ്ക്കൊപ്പവും ഇയാൾ തൊമരക്കാട്ടെ വീട്ടിൽ വന്നു പോവുമായിരുന്നു. കഴിഞ്ഞ ദിവസവും സൈമോൻ തൊമരക്കാട്ടെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്‌ച്ച വൈകുന്നേരം ഇവിടെ വെച്ചു ഇയാൾ ദേവസ്യയുമായി വഴക്കുണ്ടാക്കുകയും കട്ടിലും മേശയും അടക്കമുള്ള സാധനങ്ങൾ മദ്യലഹരിയിൽ തകർക്കുകയും ചെയ്തു. ഇതിനെ ദേവസ്യ ചോദ്യം ചെയ്തപ്പോഴാണ് കട്ടിലിന്റെ തടിയും മറ്റും ഉപയോഗിച്ചു ഇദ്ദേഹത്തെ ദേഹമാസകലം അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. അക്രമം തടയാൻ അന്നക്കുട്ടിയും ഷൈജുവും ശ്രമിച്ചപ്പോൾ ഇവരെയും ഇയാൾ അക്രമിച്ചു.

തലയ്ക്ക് ഉൾപ്പെടെ മാരകമായി പരുക്കേറ്റ ദേവസ്യ ഇതിനിടെ മരണമടയുകയായിരുന്നു.സമീപത്തൊന്നും വീടുകളില്ലാത്തതിനാൽ സംഭവംപുറം ലോകമറിയാൻ ഏറെ വൈകിയിരുന്നു. ഇതിനിടെ വീട്ടുകാർ അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ ആലക്കോട് എസ്. ഐ കെ.വി സുനീഷ് കുമാറിന്റെ നേതൃത്വത്തിൽപൊലിസ് സ്ഥലത്തെത്തി. വീട്ടിലെമുറിക്കുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാരുടെ സഹായത്തോടെ പൊലിസ് ദേവസ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുമണിക്കൂർ മുൻപെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു.ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സൈമോനെ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു.ദേവസ്യയുടെ മരണത്തിനെ തുടർന്ന് നാട്ടുകാർ ഇയാൾക്കെതിരെപ്രകോപിതനായിരുന്നു. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റു മോർട്ടത്തിനു ശേഷംദേവസ്യയുടെ മൃതദേഹം സംസ്‌കരിച്ചു.

വളരെ ദരിദ്രമായ നിലയിൽ ജീവിക്കുന്നവരാണ് ദേവസ്യയും സഹോദരി അന്നക്കുട്ടിയും. പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ കൂടിയാണ് ഇവർ. ഉദയഗിരി പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബമാണ് ഇവരുടെത്. പള്ളിയുടെ മുൻകൈയിലാണ് ഇവർക്ക് ചെറിയൊരു വീടുവച്ചു കൊടുത്തത്. നാട്ടുകാരാണ് ആശുപത്രിയിലേക്ക് പോകാനും മറ്റുമുള്ളസഹായംചെയതിരുന്നത്. ഇങ്ങനെ കഴിഞ്ഞുവരുമ്പോഴാണ സ്ഥിരംമദ്യപാനിയായ സൈമോൻ വീട്ടിലെത്തി താമസം തുടങ്ങുകയും സ്ഥിരംവഴക്കുണ്ടാക്കുകയും ചെയ്യുന്നത്. ഇവിടെ സ്ഥിരം സൈമോൻബഹളമുണ്ടാക്കുന്നത് പതിവായതിനാൽ കഴിഞ്ഞ ദിവസം നടന്ന ബഹളവും നാട്ടുകാർ കാര്യമാക്കിയിരുന്നില്ല. എന്നാൽ കൊലപാതകം നടന്ന വിവരം മണിക്കൂറുകൾക്കു ശേഷമാണ് അറിയുന്നത്.