ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരെ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. ഇരുവരെയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് അറിയിച്ചു. ഛോട്ടു, ജുനൈദ്, സുഹൈൽ, ഹഫീസുൾ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ഇവർക്കു പരിചയപ്പെടുത്തിയത് അയൽവാസി ഛോട്ടുവാണ്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് 15, 17 വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ലഖിംപൂർഖേരിയിലെ വീടിന് അടുത്തുള്ള കരിമ്പിൻതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽഗ്രാമത്തിലുള്ള ചെറുപ്പക്കാർ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടികളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പ്രതിയായ ഛോട്ടു സഹോദരിമാരുടെ അയൽവീട്ടുകാരനാണ്. ഇയാളാണ് പെൺകുട്ടികളെ സുഹൈലിനും ജുനൈദിനും പരിചയപ്പെടുത്തിയത്. ഇവർക്കൊപ്പം പെൺകുട്ടികൾ ബൈക്കിൽ കയറി പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കരിമ്പിൻതോട്ടത്തിലെത്തിച്ച ശേഷം സുഹൈലും ജുനൈദുമാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തത്. ഇതിനുശേഷം വിവാഹം കഴിക്കണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടതോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ഹഫീസുള്ളിന്റെ സഹായത്തോടെ രണ്ടു പേരേയും കൊലപ്പെടുത്തിയത്. പിന്നീട് കരീമുദ്ദീൻ, ആരിഫ് എന്നിവരെകൂടി വിളിച്ചുവരുത്തിയാണ് ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്‌സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി ഗ്രാമവാസികൾ സമീപത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ശക്തമായ അന്വേഷണ ഉണ്ടാകുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്. ഇരകൾക്ക് നീതി ലഭിക്കുമെന്നും കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്നും യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഉറപ്പുനൽകിയിട്ടുണ്ട്.

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുർ ഖേരിയിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്‌പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സ്വീകരണം നൽകുന്നവരിൽ നിന്ന് സ്ത്രീകളുടെ സുരക്ഷ പ്രതീക്ഷിക്കേണ്ടത് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷം അനാവശ്യമായി സംഭവം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി.

കർഷക സമരത്തിനിടെ കേന്ദ്രമന്ത്രിയുടെ മകനോടിച്ച വാഹനമിടിച്ച് കർഷകർ മരിച്ച ലഖിംപൂർ ഖേരിയിലേക്ക് ഒരിക്കൽ കൂടി രാജ്യ ശ്രദ്ധ തിരിയുകയാണ്. രണ്ട് സഹോദരിമാരുടെ മരണത്തിൽ പൊലീസ് ശക്തമായ നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് ഇന്നലെ നാട്ടുകാർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.തുടർന്ന് രാത്രിയോടെ പ്രതികളെ പൊലീസ് കസ്റ്റഡിയലെടുക്കുകയായിരുന്നു.