കോട്ടയം: കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇനിയും കഴിയാതെ പൊലീസ്. ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാർ പുതിയങ്കം വീട്ടിൽ എസ്. അജീഷ് (42)ആണ് ഭാര്യയുടെ ബന്ധുവായ രഞ്ജിത്തിനെയാണ് വെട്ടി കൊലപ്പെടുക്കിയത്. ആക്രമണത്തിൽ സുഹൃത്തായ യുവാവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വടക്കുനോക്കിയന്ത്രം സിനിമയിലെ തളത്തിൽ ദിനേശന് കാട്ടിയതിന് സമാനമായ സംശയ രോഗമാണ് അജീഷിനെ കൊലപാതകിയാക്കിയത്.

അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി അജീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വടവാതൂരിൽ താമസക്കാരനായ ചെങ്ങളം സ്വദേശി രഞ്ജിത്ത് എന്ന നാല്പതുകാരനെയാണ് യുവാവ് സശയരോഗം മൂലം പതിയിരുന്ന് ആക്രമിച്ചത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ശനിയാഴ്ച രാത്രി ഏഴരയോടെ വടവാതൂർ കുരിശടിക്ക് സമീപത്തു വച്ചായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു.

ആക്രമണത്തിൽ വലത് കൈയിലും നെഞ്ചിലും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. വേട്ടേറ്റ റിജോ അപകടനില തരണം ചെയ്തു. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ബന്ധുവാണ് പ്രതി അജീഷെന്ന് പൊലീസ് പറഞ്ഞു. അജീഷിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരിൽ അജീഷ് മുമ്പും പലരെയും ആക്രമിക്കാനുള്ള പ്രവണത കാട്ടിയിരുന്നു. ഒളിവിൽ പോയ അജീഷിനായി അന്വേഷണം വ്യാപിപ്പിച്ചു.

രഞ്ജിത്തും സുഹൃത്തായ റിജോയും ജോലികഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു വടവാതൂർ കവലയിൽ. തുടർന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ പതിയിരുന്ന അജീഷ് ആക്രമണം നടത്തുകയായിരുന്നു. ആദ്യ വെട്ടേറ്റത് റിജോയ്ക്കാണ്. വെട്ടേറ്റ റിജോ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറി. തന്റെ കൂടെയുള്ള ഒരാൾക്കും വെട്ടേറ്റിട്ടുണ്ടെന്ന് റിജോ ആശുപത്രിയിലുള്ളവരെ അറിയിച്ചു. അവിടെ നിന്ന് ആളുകളെത്തിയപ്പോൾ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രഞ്ജിത്തിനെയാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ രഞ്ജിത്ത് മരിച്ചു.

അജീഷ് മദ്യപിച്ചുവന്നതിന്റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ഇതേതുടർന്നു കഴിഞ്ഞ മാർച്ചിൽ അജീഷിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിനു പരാതി നൽകിയിരുന്നു. ഈ പരാതി ബന്ധുക്കൾ സ്റ്റേഷനിൽ സംസാരിച്ച് ഒത്തുതീർപ്പാക്കി. രഞ്ജിത്ത് വിഷയത്തിൽ ഇടപെട്ടതോടെ ഭാര്യയുമായി ബന്ധമുണ്ടെന്നു സംശയം തോന്നി ആക്രമിച്ചെന്നാണു സൂചന.

രഞ്ജിത്ത് വടവാതൂർ ശാന്തിഗ്രാമം കോളനിയിൽ ഭാര്യവീട്ടിലാണു താമസം. കോളനിക്കു സമീപത്താണു പ്രതിയുടെ ഭാര്യവീടും. പ്രതിയുടെ ഭാര്യയുടെ ബന്ധുവാണു കൊല്ലപ്പെട്ട രഞ്ജിത്ത്. രഞ്ജിത്തിന്റെ ഭാര്യ സന്ധ്യ വിദേശത്താണ്. മക്കൾ: അമൃത, അഭിജിത്ത്.