കൊച്ചി: കരിമണൽ കമ്പനിയുമായി മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്‌ഐഒ) ഉടൻ ചോദ്യം ചെയ്‌തേക്കില്ലെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യലുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ കരുവന്നൂർ സഹകരണ തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തുടർ നടപടികളുണ്ടാകുമെന്നും സൂചനയുണ്ട്. കരുവന്നൂരിൽ അതിവേഗ അന്വേഷണം പൂർത്തിയാക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നൽകിയ സാഹചര്യത്തിലാണ് ഇത്.

എന്നാൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടികൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തി സിപിഎം നേതൃത്വവുമായി ചർച്ച നടത്തിയത്. കേസിൽ പ്രതിസ്ഥാനത്തുള്ള സംസ്ഥാന സമിതി അംഗങ്ങൾക്ക് എല്ലാ വിധ സംരക്ഷണവും പാർട്ടി നൽകും. ഇതിനുള്ള നിർദ്ദേശം ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നൽകി. തൃശൂരിലെത്തിയ മുഖ്യമന്ത്രി കരുവന്നൂർ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയത് ഇഡിയുടെ അടുത്ത ലക്ഷ്യം തൃശൂരാണെന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനിടെയാണ് വീണാ വിജയൻ കേസിൽ ഉടൻ ചോദ്യം ചെയ്യലുണ്ടാകില്ലെന്ന സൂചനകളും പുറത്തു വരുന്നത്.

വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് മുഖേന നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ ചോദ്യം ചെയ്യുകയുള്ളൂവെന്നാണ് തീരുമാനം. കമ്പനിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവികളെ എസ്എഫ്‌ഐഒ താമസിയാതെ ചോദ്യം ചെയ്യും. എക്സാലോജിക് സൊല്യൂഷൻസുമായുള്ള ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കാരക്കോണം സോമർവെൽ സ്മാരക സി.എസ്‌ഐ. മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നോട്ടീസ് അയച്ചിരുന്നു. സമാനമായി നിരവധി കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരിൽ നിന്നെല്ലാം വിവരങ്ങൾ തേടിയ ശേഷമേ വീണാ വിജയനെ ചോദ്യം ചെയ്യൂവെന്നാണ് സൂചന.

2017-18 സാമ്പത്തികവർഷത്തിൽ കോളേജ് മാനേജ്‌മെന്റ് എക്സാലോജിക്കുമായി നടത്തിയ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് എസ്.എഫ്.ഐ.ഒ.യ്ക്കു ലഭിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് മെഡിക്കൽ കോളേജിനോട് ആവശ്യപ്പെട്ടത്. മെഡിക്കൽ കോളേജിന്റെ അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റർ പി.തങ്കരാജിനാണ് നോട്ടീസ് നൽകിയത്. ഇദ്ദേഹം ഇപ്പോൾ സി.എസ്‌ഐ.യുടെ മറ്റൊരു സ്ഥാപനത്തിന്റെ ചുമതലക്കാരനാണ്. എക്സാലോജിക്കുമായി കാരക്കോണം മെഡിക്കൽ കോളേജ് ഉണ്ടാക്കിയ ഉടമ്പടിയുടെ പകർപ്പ്, വർക്ക് ഓർഡറിന്റെയും അനുബന്ധരേഖകൾ അടക്കമുള്ള ഇൻവോയിസുകളുടെയും പകർപ്പുകൾ എന്നിവ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ കാര്യങ്ങൾ തന്നെയാണ് മറ്റ് സ്ഥാപനങ്ങളും നൽകേണ്ടത്.

സിഎംആർഎല്ലിലും കെഎസ്ഐഐഡിസിയിലും മുൻപ് തന്നെ എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ എട്ട് മാസത്തെ കാലാവധി ഉണ്ട്. എക്‌സാലോജിക് 12 സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകൾ എസ്എഫ്‌ഐഒ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. എക്‌സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്‌ഐഒയ്ക്ക് മുൻപ് തന്നെ കൈമാറിയിരുന്നു.

കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജ്, സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷൻ സൊസൈറ്റിയുൾപ്പടെ പല സ്ഥാപനങ്ങളിൽ നിന്നും ചെറുതും വലുതുമായ തുക എക്‌സാലോജിക് കൈപ്പറ്റിയിട്ടുണ്ട്. ഇവരോടെല്ലാം വിശദീകരണം തേടും. കേരളത്തിൽ സിപിഎം-ബിജെപി ബാന്ധവമെന്ന വാദം കോൺഗ്രസ് ഉയർത്തുന്നുണ്ട്. ഇത് ബിജെപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. അത്തരൊരു കൂട്ടുകെട്ടില്ലെന്ന് വരുത്താൻ കേന്ദ്ര ഏജൻസികളെ ബിജെപിയുടെ കേന്ദ്ര സർക്കാർ ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ.