കൊച്ചി : കരിമണൽ കമ്പനിയായ സിഎംആർഎൽ ഉൾപ്പെട്ട പണമിടപാടു കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ സിപിഎം പ്രതികരണങ്ങളിൽ മിതത്വം കാട്ടും. വസ്തുതകൾ കൃത്യമായി പരിശോധിച്ച് മാത്രമേ സിപിഎം പ്രതികരിക്കൂ. കേസ് വീണാ വിജയനുമായി ബന്ധപ്പെട്ട വ്യക്തിപരമാണെന്ന നിലപാട് നേതാക്കൾ ആവർത്തിക്കും. അതിനിടെ ശക്തമായ ആരോപണങ്ങളുമായി പരാതിക്കാരിൽ ഒരാളായ ഷോൺ ജോർജ് രംഗത്തു വന്നിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുന്ന സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടിൽനിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്ന് ഷോൺ ആരോപിച്ചു.

എക്സാലോജിക് കൺസൾട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയിൽ, എം.സുനീഷ് എന്നിവരാണ് 2016 മുതൽ 2019 വരെ ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതു വഴി വലിയ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നും ഷോൺ പറഞ്ഞു. ഈ വിവരങ്ങൾ ഏപ്രിൽ 19ന് ചെന്നൈയിലെ ഇ.ഡി സ്പെഷൽ ഡയറക്ടർക്കു നൽകി. മറ്റൊരാൾ നൽകിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതർക്കു സമർപ്പിക്കുന്നതെന്നും ഷോൺ പറഞ്ഞു.

ആരാണ് ഈ മറ്റൊരാൾ എന്ന ചർച്ചയും സിപിഎമ്മിൽ നടക്കുന്നുണ്ട്. പ്രധാനപ്പെട്ട സിപിഎം കുടുംബവുമായി ഷോണിന് വളരെ അധികം അടുപ്പമുണ്ട്. എന്നാൽ കേസിൽ ഈ സഹായം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഷോൺ പലാവർത്തി പറയുന്നത്. എങ്കിലും സിപിഎം സംശയത്തോടെ ഇതിനെ കാണുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അനുയായികളും ഓരോ നീക്കവും വിലയിരുത്തുന്നുണ്ട്. ഇത്തരത്തിലൊരു വാദം ചർച്ചയാകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് സൂചനകൾ ലഭിച്ചിരുന്നു.

വീണാ വിജയനൊപ്പം ഉയരുന്ന സുനീഷ് ആരാണെന്ന ചർച്ചയും സജീവമായി ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായിയുടെ അതിവിശ്വസ്തനായ ഒരാളുടെ പേര് സുനീഷ് എന്നാണ്. വിദേശ യാത്രകളിൽ അടക്കം മുഖ്യമന്ത്രിയെ അനുഗമിക്കാറുണ്ട്. എന്നാൽ ഈ വ്യക്തിയുടെ ഇൻഷ്യൽ എം എന്ന് മാത്രമല്ല. അതുകൊണ്ട് തന്നെ ഇയാളല്ല അക്കൗണ്ടുള്ള സുനീഷ് എന്നാണ് സൂചന. ഇതിനൊപ്പം വീണയുമായി പരിചയമുള്ള തിരുവനന്തപുരത്തെ അഭിഭാഷകന്റെ പേരും സുനീഷ് എന്നാണ്. ആ സുനീഷും അഭ്യൂഹങ്ങളിലുണ്ട്. എന്നാൽ ആ സുനീഷാകാൻ ഒരു സാധ്യതയും ഇവിടെ ഇല്ലെന്നാണ് മറുനാടൻ മനസ്സിലാക്കുന്നത്.

രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് 3 കോടി രൂപ വീതം എത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സിഎംആർഎൽ എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്‌ഐഒ) അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്.

അതിനിടെ, ഈ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചു. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്എൻസി ലാവ്‌ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമെയാണ് അധികം കേട്ടുകേൾവിയില്ലാത്ത മറ്റു കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയതും.

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവിൽ ഹൈക്കോടതിയിലുള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിലപാട് കർക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്. ഈ അക്കൗണ്ടിലേക്കു പണമയച്ച ചില കമ്പനികൾ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന നിലയിലായിരുന്നു ഇ.ഡി അന്വേഷണം. മസാല ബോണ്ടിനത്തിൽ ലഭിച്ച തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മുൻധനമന്ത്രി തോമസ് ഐസക്കിനെ ഈ കേസിൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി നിർബന്ധം പിടിക്കുന്നുമുണ്ട്. ഈ കേസ് ഉച്ചകഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും. എക്‌സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എൻ സി ലാവ്ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോണും ആരോപിക്കുന്നു. വിദേശ പണമിടപാടും, അക്കൗണ്ടും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വീണ വിജയന്റെ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നാണ് ഷോൺ പറയുന്നത്.