തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നഗരസഭാ കൗൺസിലർ ഡിആർ അനിൽ. മേയർ നൽകിയെന്ന് പറയുന്ന കത്ത് താൻ കണ്ടിട്ടില്ലെന്ന് അനിൽ വിജിലൻസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള ഒരു കത്ത് താൻ തയ്യാറാക്കിയിരുന്നു. അത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നുമാണ് അനിൽ അന്വേഷണസംഘത്തിന് മൊഴി നൽകിയത്.

നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കത്ത് നശിപ്പിച്ചുകളഞ്ഞെന്ന് നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ മൊഴി.കുടുംബശ്രീക്കുവേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചു എന്നാണ് മൊഴി. മേയർ എഴുതിയതായി പറയുന്ന കത്തിന്റെ ഒറിജിനൽ എവിടെ എന്നത്. സംബന്ധിച്ചും വിജിലൻസ് ഡി.ആർ അനിലിനോട് ആരാഞ്ഞിരുന്നു. മേയറുടെ കത്ത് താൻ കണ്ടിട്ടില്ലെന്നാണ് ഡി.ആർ അനിൽ മൊഴിനൽകിയിരിക്കുന്നത്. താൻ കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽ മേയറുടെ കത്തിന്റെ സ്‌ക്രീൻഷോട്ട് ആണ് വന്നത്. മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്റെ ഒറിജിനൽ താൻ കണ്ടിട്ടില്ലെന്നും അനിൽ മൊഴി നൽകി.

തന്റെ പേരിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താൻ തന്നെയാണ്. പബ്ലിസിറ്റിക്ക് വേണ്ടി തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നു അനിൽ പറഞ്ഞു. മേയറുടെയും ഡി.ആർ അനിലിന്റെയും കത്തുകൾ കൈകാര്യംചെയ്തിട്ടുണ്ടാവാൻ ഇടയുള്ള നഗരസഭയിലെ മുഴുവൻ ജീവനക്കാരെയും ചോദ്യംചെയ്യാനാണ് വിജിലൻസ് ഉദ്ദേശിക്കുന്നത്. ഇന്നുമുതൽ ചോദ്യംചെയ്യൽ നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. കത്ത് സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കുമെന്നാണ് സൂചന.

നേരത്തെ അന്വേഷണസംഘം തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കൗൺസിലർ ഡിആർ അനിലിന്റെയും മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ മേയറുടെ ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചേക്കും. കത്തുകൾക്ക് പിന്നിൽ അഴിമതിയുണ്ടോയെന്നതാണ് വിജിലൻസ് അന്വേഷിക്കുന്നത്. കോർപ്പറേഷൻ നിയമനങ്ങളിൽ സ്വജനപക്ഷപാതവും ഗുരുതരമായ അഴിമതിയും നടക്കുന്നെന്നാണ് പരാതിക്കാരൻ ജിഎസ് ശ്രീകുമാർ മൊഴി നൽകിയത്.

ഇന്നലെ നഗരസഭയിലെ വിനോദ്, ഗിരീഷ് എന്നീ ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളിൽ കണ്ട കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. കൂടാതെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ ആനാവൂർ നാഗപ്പൻ, ഹരജിക്കാരനായ ജി.എസ് ശ്രീകുമാർ എന്നിവരുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് കോർപ്പറേഷൻ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാരേജന്ദ്രന്റെ പേരിലുണ്ടായ കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേ സമയം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാൽ ഇത് സാധൂകരിക്കണമെങ്കിൽ കത്തുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനൽ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

ഒറിജിനൽ കത്ത് കണ്ടെത്താൻ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. മേയറുടെ മൊഴിയടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് വ്യക്തമാക്കുന്നത്. കേസെടുത്തു അന്വേഷണം വേണമെന്ന ശുപാർശ ചെയ്തുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ ക്രൈം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. ഡി.ആർ അനിലിന്റെ കത്തിന്റെയും ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുകളുണ്ടാക്കി ചിത്രങ്ങളെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.