തൃശൂർ: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത് തന്ത്രപരമായി. തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡയിൽ നിന്നാണ് എന്നത് സാങ്കേതികത്വത്തിൽ കേരളാ പൊലീസിന് ആശ്വാസം. എങ്കിലും വിയ്യൂർ ജയിലിൽ നിന്നും രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ മണിക്കൂറുകളായിട്ടും പൊലീസിന് കഴിയുന്നില്ല. ചെറിയ ജാഗ്രത കുറവാണ് ബാലമുരുകന് രക്ഷപ്പെടാൻ കാരണമായത്. കൊടും ക്രിമിനലായ ബാലമുരുകൻ രക്ഷപ്പെട്ടതിന് പിന്നിൽ പൊലീസ് അനാസ്ഥ വ്യക്തമാണ്. തമിഴ്‌നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടു വന്നപ്പോഴാണ് ബാലമുരുകന്റെ രക്ഷപ്പെടൽ.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. തമിഴ്‌നാട്ടിലേക്ക് ബാലമുരുകനെ പ്രത്യേക വാഹനത്തിലാണ് കൊണ്ടു പോയത്. വിയ്യൂർ ജയിലിന് മുന്നിലെത്തിയപ്പോൾ ബാലമുരുകന്റെ കൈവിലങ്ങ് അഴിച്ചു. അതിന് ശേഷം പുറത്തേക്ക് ഇറക്കാനായിരുന്നു പദ്ധതി. അതിന് മുന്നോടിയായി വിയ്യൂർ ജയിൽ അധികൃതരെ അറിയിക്കാനായി ചില തമിഴ് നാട് പൊലീസ് അങ്ങോട്ടേക്ക് പോയി.

ഈ അവസരമാണ് ബാലമുരുകൻ ഉപയോഗിച്ചത്. ആ വാഹനത്തിന്റെ വലിയ ജനലിലെ വാതിൽ തള്ളിമാറ്റി ചാടി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ തമിഴ്‌നാട് പൊലീസും. അതിന് ശേഷം കേരളാ പൊലീസും തിരച്ചലിൽ പങ്കെടുത്തു. ജയിലിൽ എത്തിയാൽ തടവു പുള്ളികളുടെ വിലങ്ങ് അഴിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കാനായി വിലങ്ങ് അഴിച്ചു. ഇത് മുതലെടുത്തായിരുന്നു ബാലമുരുകന്റെ ഓട്ടം. മുണ്ടും ബനിയനുമായിരുന്നു ബാലമുരുകന്റെ വേഷം.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരെത്തെയും ജയിൽ ചാടിയിട്ടുണ്ട്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. 203 ഓഗസ്റ്റ് 12നാണ് മോഷണശ്രമത്തിനിടെ ബാലമുരുകൻ ഉൾപ്പെട്ട നാലംഗ സംഘം മറയൂർ പൊലീസിന്റെ പിടിയിലാകുന്നത്. ആ മാസത്തിനിടെ മറയൂരിലെ നിരവധി വീടുകളിൽ സംഘം മോഷണം നടത്തിയിരുന്നു.

ഇതേ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ബാലമുകുരനേയും സംഘത്തേയും കേരളാ പൊലീസ് പിടികൂടിയത്. കോട്ടക്കുളത്ത് വീട് തകർത്ത് കവർച്ച നടത്തിയ സംഭവത്തിലാണ് അന്ന് തമിഴ്‌നാട്ടിൽനിന്നുള്ള കൊടുംകുറ്റവാളികൾ ഉൾപ്പെടുന്ന നാലംഗം സംഘം പിടിയിലായത്. ബാലമുരുകൻ(33), കൊലക്കേസ് പ്രതി ചെമ്പട്ടി മാരിയമ്മൻകോവിൽ സ്ട്രീറ്റിൽ തമിഴ് സെൽവൻ(23), മധുര ചൊക്കലിംഗപുരം സ്വദേശി ദിലീപ് (23), തിരുപ്പത്തൂർ സ്വദേശി ചക്രവർത്തി ഹൈദരലി(42) എന്നിവരെയാണ് മറയൂർ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് അന്ന് പിടികൂടിയത്.

വർക്ക്‌ഷോപ്പ് ഉടമയായ കോട്ടക്കുളം സ്വദേശി സതീശനെയും കുടുംബത്തിനെ അപായപ്പെടുത്തി മോഷണം നടത്താൻ അന്ന് പുലർച്ചെ ഒന്നോടെയാണ് ഇവരെത്തിയത്. ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് അടുക്കള വാതിൽ തകർത്തത്. കിടപ്പുമുറിയുടെ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ ഉണർന്നതോടെ ഇവർ ഓടി രക്ഷപ്പെട്ടു. ഈ കേസിലും, മറയൂർ പത്തടിപ്പാലം പുഷ്പാംഗതന്റെ വീട്ടിൽനിന്നും നായ്കുട്ടികളെ മോഷണം നടത്തിയ കേസിലെ സംഭവങ്ങളിലുമാണ് പ്രതികളെ കേരളാ പൊലീസ് പിടികൂടിയത്.