പുതുച്ചേരി: ഇതു സമാനതകളില്ലാത്ത ക്രൂരത. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സംഭവം. പഠനത്തിൽ മികവു പുലർത്തിയതിൽ അസൂയപൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നത് പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ്.

കാരയ്ക്കൽ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ബാലമണികണ്ഠനാണ് മരിച്ചത്. ജൂസ് പാക്കറ്റിൽ വിഷം ചേർത്തശേഷം കുട്ടിക്കു നൽകുകയായിരുന്നു. കുട്ടിക്കു ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാർ ആശുപത്രി ആക്രമിച്ചു. തന്റെ മകനെ ക്ലാസിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഒരമ്മ ചെയ്ത കൊടുംക്രൂരതയാണ് ഇത്.

ബാലമണികണ്ഠൻ ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛർദിച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിഷം അകത്തുചെന്നുവെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ജൂസ് നൽകിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.

ഇതനുസരിച്ച് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ദേവദാസിനെ മാതാപിതാക്കളും സ്‌കൂൾ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നൽകാൻ ഏൽപ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്നു സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.

മണികണ്ഠന്റെ അമ്മയുടെ പരാതിയിൽ കാരയ്ക്കൽ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അവർ കുറ്റം സമ്മതിച്ചു. ക്രൂരതയുടെ കാരണം വെളിപ്പെടുത്തി. പരീക്ഷകളിൽ തന്റെ മകനേക്കാൾ മണികണ്ഠൻ മികച്ച മാർക്കു നേടുന്നതാണു വിഷം നൽകാനുള്ള കാരണമെന്നാണു മൊഴി. ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠൻ മരിച്ചു.

മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം ചെന്നൈ ദേശീയപാത പുലർച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കൽ എസ്‌പി അറിയിച്ചു. സ്‌കൂളിലെ വാർഷിക ആഘോഷ ദിന പരിശീലന ദിവസം കണ്ടെത്തിയായിരുന്നു തന്ത്രമൊരുക്കൽ.

ഡാൻസ് പരിശീലനത്തിന് ശേഷം വീട്ടിലെത്തിയ ബാലമണികണ്ഠനാണ് കുഴഞ്ഞു വീണത്. ഇതോടെയാണ് അമ്മ കാര്യങ്ങൾ തിരക്കിയതും ജ്യൂസ് കുടിയെ കുറിച്ച് അറിയുന്നതും. പരിശീലനത്തിന് എത്തിയ ബാലമണികണ്ഠന് വീട്ടിൽ നിന്ന് കൊടുത്തയച്ചതെന്ന് ധരിപ്പിച്ചാണ് ജ്യൂസ് സെക്യൂരിറ്റിക്ക് കൈമാറിയത്. ബാലമണിക്ഠന്റെ ക്ലാസിലാണ് സഹായറാണിയുടെ മകളും പഠിച്ചത്.

ക്ലാസിൽ റാങ്ക് കിട്ടുന്നതുമായി ബന്ധപ്പെട്ട് ബാലമണികണ്ഠനുമായി മകൾക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും ക്ലാസിൽ തർക്കമായി. ഈ സാഹചര്യത്തിലാണ് അമ്മ പകവീട്ടാൻ വിഷം നൽകിയത്.