ബെംഗളൂരു: യുവതിയെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനും ഭാര്യയ്ക്കുമെതിരെ അന്വേഷണം തുടരുന്നു. 26 കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന അതിജീവിതയുടെ അമ്മയുടെ പരാതിയിലാണ് ബെംഗളൂരു കെആർ പുരം പൊലീസ് കേസെടുത്തത്.

ഏഴ് വർഷങ്ങൾക്കു മുൻപ് സുഹൃത്തിന്റെ വീട്ടിൽ നടന്ന മതചടങ്ങിനിടെയാണ് യുവതി 'ആധ്യാത്മിക ഗുരു ' എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ആനന്ദ മൂർത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്. യുവതിയുടെ ജീവൻ അപകടത്തിലാണെന്നു ആനന്ദ മൂർത്തി യുവതിയെ ധരിപ്പിക്കുകയായിരുന്നു. പരിഹാരക്രിയ ചെയ്യണമെന്ന മൂർത്തിയുടെ നിർദ്ദേശം അനുസരിച്ച് പെൺകുട്ടി ഇയാളുടെ വസതിയിൽ എത്തുകയായിരുന്നുവെന്നു കെആർ പുരം പൊലീസ് പറഞ്ഞു.

വീട്ടിൽ എത്തിയ യുവതിക്കു ലഹരിമരുന്ന് കലർത്തിയ പാനീയം നൽകി ആനന്ദ മൂർത്തി ബലാത്സംഗം ചെയ്തെന്നും, ബോധം വന്നപ്പോൾ താൻ അർധ നഗ്‌നയായിരുന്നുവെന്നും ആനന്ദ് മൂർത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലിൽ കിടന്നിരുന്നതായും യുവതി മൊഴി നൽകിയിരുന്നു. പെൺകുട്ടിയെ വർഷങ്ങളോളം ദമ്പതികൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഇവർ അതിജീവിതയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അതിജീവിത പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പറഞ്ഞു. ആനന്ദ മൂർത്തിയും ഭാര്യയും പ്രതിശ്രുത വരന്റെ വീട്ടിലെത്തി പീഡനദൃശ്യങ്ങൾ കാണിച്ചതോടെ പെൺകുട്ടിയുടെ വിവാഹ നിശ്ചയം മുടങ്ങിയിരുന്നു.

ഈ സംഭവത്തോടെയാണ് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും പീഡനവിവരം അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ചാൽ കുടുംബത്തെ തന്നെ കൊലപ്പെടുത്തുമെന്നു യുവതിയുടെ സഹോദരനെ ആനന്ദ മൂർത്തി ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ പ്രതിയും ഭാര്യയും ഒളിവിൽ പോയെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും കെആർ പുരം പൊലീസ് അറിയിച്ചു.

രാജ്യത്തെ മഹാനഗരമായ മുംബൈയിൽ താനെ പ്രദേശത്തുംസമാനമായ സംഭവം ഏതാനും വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയിരുന്നു. 'ബാധ' ഒഴിപ്പിക്കാനെന്ന നാട്യത്തിൽ മുപ്പത്തിയഞ്ചുകാരിയായ യുവതിയെ വർഷങ്ങളോളം തുടർച്ചയായി മാനഭംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും അറസ്റ്റിലായിരുന്നു.

ഒരു ബന്ധു പറഞ്ഞാണ് ഇരയായ യുവതി നൂർ ഷെയ്ഖ് എന്ന ആൾദൈവത്തെക്കുറിച്ച് അറിയുന്നത്. ദഹിസർ എന്ന സ്ഥലത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ബാബ എന്നാണ് നൂർ ഷെയ്ഖ് അറിയപ്പെടുന്നത്. തന്നെ വന്നുകണ്ട യുവതി ശാപത്തിന്റെ ഇരയാണെന്നു ബാബ അവരെ വിശ്വസിപ്പിച്ചു. ബാധ കൂടിയിരിക്കുകയാണ്. ഒഴിപ്പിക്കാൻ ചില ആചാരങ്ങൾ അനുഷ്ഠിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയതും പീഡനത്തിന് ഇരയാക്കിയതും.

ആൾദൈവം ചമഞ്ഞയാളുടെ ഭാര്യയും കൂട്ടുപ്രതിയാണ്. മാനഭംഗത്തിന് ഒത്താശ ചെയ്തതിനുപുറമെ യുവതിയെ പീഡിപ്പിക്കുന്നതിന്റെ വിഡിയോ പകർത്താനും അവർ കൂട്ടുനിന്നു. രണ്ടുപേരും കൂടി യുവതിയെ കബളിപ്പിച്ച് രണ്ടുലക്ഷത്തോളം രൂപയും തട്ടിയെടുത്തിരുന്നു. വർഷങ്ങളോളം നീണ്ട പീഡനം സഹിക്കാനാവാതെ വന്നതിനെത്തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.