കരുനാഗപ്പള്ളി: സ്വർണച്ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. കൊല്ലം തേവലക്കര കരീച്ചി കിഴക്കതിൽ രേഷ്മ ആണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. സ്വർണ്ണച്ചേന നൽകുമെന്ന വാഗ്ദാനത്തിൽ വെട്ടിൽ വീഴ്‌ത്തി പണം തട്ടിയെടുക്കുകയായിരുന്നു. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരെയുമാണ് കബളിപ്പിച്ച് രേഷ്മ തട്ടിപ്പ് നടത്തിയത്.

താലി പൂജ നടത്തിയാൽ സ്വർണച്ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പലതവണകളായി താലിപൂജക്കെന്ന വ്യാജേന പണവും സ്വർണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണച്ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അമ്പിളി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിന് സഹായിച്ചവർക്കായുള്ള തിരച്ചിൽ നടത്തി വരുകയാണെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

സ്റ്റേഷൻ ഇൻസ്‌പെക്ടർ മോഹത്തിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ കലാധരൻ പിള്ള, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ ശാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.