- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു.. ഞാൻ അത് കഴിച്ചു.. അൽപം കഴിഞ്ഞപ്പോൾ എനിക്ക് ഛർദിയുണ്ടായി... ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോൾ വിഷമാണെന്നും താൻ നേരത്തേ കഴിച്ചെന്നും പറഞ്ഞു'; വിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; ഭർത്താവ് ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കേരളത്തെ നടുക്കി വീണ്ടുമൊരു വിഷമരണം. കാഞ്ഞങ്ങാട്ടെ കാഞ്ഞങ്ങാട്ടെ വാടക വീട്ടിൽ താമസിക്കുന്ന വയനാട് സ്വദേശിനിയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. ഭർത്താവിനെ അവശനിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് പനമരത്തെ രമ (44) ആണ് മരിച്ചത്. ഭർത്താവ് ജയപ്രകാശ് നാരായണനാണ് (45) ഗുരുതരാവസ്ഥയിലുള്ളത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം കൊവ്വൽ എ.കെ.ജി. ക്ലബിനടുത്തെ വീട്ടിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലൻസിൽ വിളിക്കുകയായിരുന്നു. താനും ഭാര്യയും വിഷം കഴിച്ചുവെന്നും രക്ഷിക്കണമെന്നും പറഞ്ഞു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ രമ മരിച്ചു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയപ്രകാശിനെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിങ്ങനെ: 'ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു. ഞാൻ അത് കഴിച്ചു. അൽപം കഴിഞ്ഞപ്പോൾ എനിക്ക് ഛർദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോൾ വിഷമാണെന്നും താൻ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അപ്പോൾതന്നെ ആംബുലൻസിനായി വിളിച്ചു...'
ഇയാളുടെ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിലേ കാര്യങ്ങൾ വ്യക്തമാകൂവെന്നും ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ പറഞ്ഞു. ഏഴുവർഷമായി ഇവിടെ വാടകവീട്ടിൽ താമസിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ