കോഴിക്കോട്: ചികിത്സാ പിഴവു സംഭവങ്ങൾ പതിവാകുന്നതിനിടെ മറ്റൊരു വാർത്ത കൂടി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്‌തേഷ്യ നൽകുകയായിരുന്നു. തുടർന്ന് ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. അളവിൽ കൂടുതൽ അനസ്‌തേഷ്യ നൽകിയതാണ് യുവതിയെ അബോധാവസ്ഥയിലേക്ക് തള്ളിവിട്ടത്.

നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി.

ചികിത്സപ്പിഴവ് വരുത്തിയ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിഷൻ ഫീസായ 250 രൂപ മാത്രമേ വാങ്ങിയുള്ളു. മറ്റ് യാതൊരു ഫീസും വാങ്ങിയില്ല. അതേസമയം ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അഥോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറിൽ പറഞ്ഞു.

കദളിക്കാട്ടിൽ ബീന -വിൻസന്റ് ദമ്പതികളുടെ മകളായ അഖില സ്വകാര്യ സ്‌കൂൾ ടീച്ചറായിരുന്നു. ജെറിൽ ജോസ് സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനാണ്. മക്കൾ: ജെറോം (5), ജെറോൺ (3).