- Home
- /
- News
- /
- INVESTIGATION
ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തി യുവതി
- Share
- Tweet
- Telegram
- LinkedIniiiii
കൊൽക്കത്ത: ലിവിങ് ടുഗെദർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തുന്ന കാര്യം രാജ്യം ചർച്ച ചെയ്യുന്ന സമയത്ത് ബംഗാളിൽ നിന്നും ഒരു ദാരുണ ലിവിങ് ടുഗെദർ ബന്ധത്തിന്റെ കഥ. ജീവിത പങ്കാളിയെ കുത്തക്കൊലപ്പെടുത്തി യുവതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. നിരന്തരം വഴക്കുകൾ പതിവായതോടെയാണ് യുവതി കടുംകൈ ചെയ്തത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. സംഘതി പോൾ എന്ന 32കാരിയാണ് പങ്കാളിയായ സാർത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസിൽ അറസ്റ്റിലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയുള്ള പരിചയത്തിന് ഒടുവിലാണ് യുവതി ദാസുമായി ഒരുമിച്ച് താമസം തുടങ്ങിയത്. ഈ ബന്ധത്തിലെ അസ്വാരസ്യങ്ങൾക്ക് ഒടുവിലാണ് കൊലപാതകം.
വിവാഹമോചിതയായ യുവതിയും കുഞ്ഞും യുവാവിനൊപ്പം മധുബനി റോഡിലെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഫോട്ടോഗ്രാഫറായ സാർത്ഥക്കിന്റെ അമിത മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം സ്ഥിരമായിരുന്നു.
സംഭവ ദിവസവും മദ്യപിച്ചെത്തിയ സാർത്ഥക്കും യുവതിയും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും പിന്നീടതുകൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. യുവതി തന്നെയാണ് വിവരം വിളിച്ച് അറിയിച്ചത്. വഴക്കിനൊടുവിൽ ദേഷ്യത്തിന്റെ പുറത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
യുവതി കുറ്റം സമ്മതിച്ചെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ഒന്നര വർഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്നും സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും അയൽവാസി മൊഴി നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഘതി പോളിന്റെ കുഞ്ഞിനെ ബന്ധുക്കൾക്കൊപ്പം അയച്ചെന്നും പൊലീസ് വ്യക്തമാക്കി.