- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കടത്തിന് മാത്രമല്ല; സിന്തറ്റിക്ക് ലഹരിയുടെ അണ്ടർവേൾഡിനെ നിയന്ത്രിക്കുന്നവരിലും സ്ത്രീകൾ; കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന ലഹരി മാഫിയയും; വിപണി പിടിക്കാനുള്ള മത്സരത്തിൽ സംസ്ഥാനത്ത് 'കാർട്ടൽ വാറും' വിദൂരമല്ല
കൊച്ചി: അന്താരാഷ്ട്ര ലഹരിമാഫിയാ സംഘങ്ങളുടെ വലിയ മാർക്കറ്റാണ് ഇന്ന് കേരളം. അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയുമായി ബന്ധമുള്ള വമ്പന്മാരും നേരത്തെ തന്നെ പിടിയിലായിട്ടുണ്ട്. അടുത്തിടെ ബംഗളുരുവിൽ പോയി കേരളാ പൊലീസ് നടത്തിയ ഓപ്പറേഷൻ, ഒരു വമ്പൻ പിടിയിലായിരുന്നു. അതേസമയം ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് വിവിധ കാർട്ടലുകൾ കേരളത്തിലെ ലഹരിവിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നവരിൽ സ്ത്രീകളും ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നവരിലാണ് വനിതകൾ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തുന്നതിലാണ് ഈ വനിതാ സംഘം കേന്ദ്രീകരിച്ചിരിക്കുന്നതും. ബെഗംളൂരുവിൽ തമ്പടിച്ച നൈജീരിയൻ സംഘത്തോടൊപ്പം ചേർന്നാണ് സംഘങ്ങളുടെ പ്രവർത്തനമെന്ന് എക്‌സൈസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാൻ എക്‌സൈസ് നീക്കം ഊർജിതമാക്കി.
ഈ വർഷം ഇതുവരെ കൊച്ചിയിൽ എക്‌സൈസ് രജിസ്റ്റർ ചെയ്തത് 717 ലഹരിക്കേസുകൾ. ജനുവരിയിൽ 42 കേസുകളെങ്കിൽ ഒക്ടോബർ എത്തുമ്പോൾ എണ്ണം ഇരട്ടിയായി. ഇതിൽ മുക്കാൽ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ട്. സംസ്ഥാന വ്യാപകമായി വേരോട്ടമുള്ള ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബെഗംളൂരുവിലാണ്. എക്‌സൈസിന് പുറമെ പൊലീസും നർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരും.
മെട്രോ നഗരങ്ങളിൽ അനധികൃതമായി താമസിച്ചാണ് നൈജീരിയൻ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്. മേഘാലയ, നാഗാലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരും റാക്കറ്റിലെ മുഖ്യ കണ്ണികളാണ്. കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിൽ പരിമിതികളുണ്ട്. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ ആ പരിമിതികളെ അതിജീവിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമെന്നാണ് കരുതുന്നത്.
അതേസമയം കേരളത്തിൽ തന്നെ നിരവധി ഡ്രഫ്മാഫിയാ സംഘങ്ങൾ ഇപ്പോൾ തന്നെ കളത്തിലുണ്ട്. ഭാവിയിൽ ഇത്തരം സംഘങ്ങൾ തമ്മിൽ കാർട്ടൽ വാറിന് വരെ സാധ്യതയുണ്ടെന്നാണ് എക്‌സൈസ് വിഭാഗവും മുന്നറിയിപ്പു നൽകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ