തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്ക കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാതെ കേരളാ പൊലീസ്. കെഎസ്ആർടിസി ബസിലെ ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്ന് പേരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

മൂന്ന് പേരുടെയും മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്‌സിന് മുന്നിൽ വച്ചാണ് ബസിൽ സംഘർഷം ഉണ്ടായത്. അവിടെ നിന്നും ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ കൊണ്ടു പോയി. ഇതോടെ ബസിന്റെ ചുമതല എല്ലാ അർത്ഥത്തിലും കണ്ടക്ടർക്കായി. ബസിൽ ഇത്തരത്തിലൊരു സംഭവം നടന്നതു കൊണ്ടു തന്നെ ആ മെമ്മറി കാർഡ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കണ്ടക്ടർക്കാണ്. പ്രശ്‌നം സ്റ്റേഷനിലും അറിഞ്ഞു. ഇതിലെ നിജസ്ഥിതി ബോധ്യപ്പെടാൻ സിസിടിവിയുടെ പ്രാധാന്യം സ്റ്റേഷൻ മാസ്റ്ററും ഉൾക്കൊള്ളണം. ബസിൽ നിന്നും ആ മെമ്മറി കാർഡ് വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷൻ മാസ്റ്റർക്കുമുണ്ടായിരുന്നു. ഇതു രണ്ടും നിർവ്വഹിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് മൂവരും സംശയത്തിലാകുന്നത്.

കണ്ടക്ടർ സുബിൻ തർക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാർഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റർ നോക്കുകയാണ് ചെയ്തതെന്നാണ് മൊഴി. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു.

എന്നാൽ ഇദ്ദേഹവും മെമ്മറി കാർഡ് നഷ്ടമായ കേസിൽ തനിക്ക് യാതൊരു വിവരവുമില്ലെന്ന മൊഴിയാണ് നൽകിയത്. യദുവും മെമ്മറി കാർഡ് നഷ്ടമായതിൽ തന്റെ ഭാഗം ന്യായീകരിച്ചാണ് മൊഴി നൽകിയത്. എന്നാൽ ഈ മെമ്മറി കാർഡിന് ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രാഥമികമായി ഉറപ്പിക്കേണ്ട ചുമതല ഇവരുടേതായിരുന്നു. മെമ്മറി കാർഡിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടവർ. അതു പക്ഷേ ഉണ്ടായില്ല. സാങ്കേതികമായി ഇതൊരു ഗുരുതര വീഴ്ചയാണ്. ഡ്രൈവർ യദു പിന്നീടും ബസിന്റെ അടുത്തെത്തിയിരുന്നു. അതുകൊണ്ട് യദുവിനേയും സംശയിക്കുന്നു.

യദു ബസിന് അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ ആ മെമ്മറി കാർഡ് വേണ്ട രീതിയിൽ സംരക്ഷിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. ഏതായാലും ഈ കേസ് തേഞ്ഞുമാഞ്ഞ് പോകാനാണ് സാധ്യത. ഈ മോഷണം യദുവിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് പൊലീസ് ശ്രമം. കണ്ടക്‌റും സ്‌റ്റേഷൻ മാസ്റ്ററും ഔദ്യോഗിക കുറ്റ നിർവ്വഹണത്തിൽ വരുത്തിയ വീഴ്ച ആരും ഗൗരവത്തിൽ എടുക്കുന്നില്ല. അതിനിടെ ലാൽ സജീവിനെ രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ വന്ന പത്തോളം പൊലീസുകാർ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നിരുന്നു.

വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറയുന്നു. ഹൃദ്രോഗിയായ ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഭർത്താവിനെ കേസിൽപെടുത്താൻ പൊലീസ് ശ്രമിക്കുകയാണെന്നും ബിന്ദു ആരോപിച്ചിരുന്നു.