തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ് പുതിയ ഇടപെടലിലേക്ക്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രാത്രിയിലെ പൊലീസ് നടപടി. യദുവിനെതിരെ ജാമ്യമില്ലാ കേസെടുക്കാനാണ് ഈ നീക്കം. കോടതി നിർദ്ദേശത്തിൽ മേയർക്കെതിരെ യദുവിന്റെ പരാതിയിൽ ജാമ്യമില്ലാ കേസ് എടുത്തിരുന്നു. മേയറയേും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനേയും കുരുക്കിൽ നിന്നും രക്ഷിക്കാനാണ് നീക്കം.

പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. ഈ സാഹചര്യത്തിലാണ് ബസിലെ പരീക്ഷണങ്ങൾ. ഇതിന് അനുസരിച്ചുള്ള നടപടികളിലേക്ക് ഇനി പൊലീസ് കടക്കും. യദുവിനെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാണ് ഇതെല്ലാം.

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യൽ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴി നൽകാനായി മ്യൂസിയം പൊലീസ് മേയർക്ക് നോട്ടീസ് നൽകിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. അശ്ലീല ആംഗ്യം കാട്ടിയത് മ്യൂസിയം പൊലീസിന്റെ പരിധിയിലെന്ന തിരിച്ചറിവിലാണ് ഇത്. നേരത്തെ മേയറുടെ പരാതിയിൽ യദുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

വിവാദമായ മേയർ -കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ എ.ടി.ഒയെ ബലിയാടാക്കാൻ നീക്കമുണ്ട്. യദു ഓടിച്ചിരുന്ന ബസിൽ സ്പീഡ് ഗവർണറും ജി.പി.എസും പ്രവർത്തന രഹിതമാണെന്നും ബസിന് പൊലൂഷൻ സർട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തമ്പാനൂർ ഡിപ്പോയിലെ എ.ടി.ഒ ബഷീറിനെയാണ് സ്ഥലം മാറ്റാൻ ഒരുങ്ങുന്നത്. ഉത്തരവ് ഉടനിറക്കാനാണ് ഒരുക്കം.

പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലാണ് ബസിലെ ന്യൂനതകൾ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കെ.എസ്.ആർ.ടി.സിക്കുണ്ടായ നാണക്കേട് ഒഴിവാക്കാനാണ് സ്ഥലം മാറ്റമെന്നാണ് പറയുന്നത്. എന്നാൽ, ബസിന്റെ സാങ്കേതികമായ കാര്യങ്ങൾ പരിശോധിക്കേണ്ടതും അതിന്റെ ഉത്തരദിത്വവും ഡിപ്പോ എൻജിനിയർക്കാണെന്നും അതിനാൽ എ.ടി.ഒയ്‌ക്കെതിരെയുള്ള നടപടി ശരിയെല്ലെന്നുമാണ് ജീവനക്കാരുടെ നിലപാട്.