തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും പങ്കാളിയും എംഎൽഎയുമായ സച്ചിൻ ദേവും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം അന്തിമ ഘട്ടത്തിൽ. ബസ് തടഞ്ഞതിന് എംഎൽഎയ്‌ക്കെതിരെ നടപടി എടുക്കേണ്ടി വരും. ഈ കേസിൽ മേയറേയും എംഎൽഎയേയും പ്രതിയാക്കി പൊലീസ് കുറ്റപത്രം നൽകുമെന്നാണ് സൂചന. ഇതിലേക്ക് കാര്യങ്ങളെത്താതിരിക്കാനാണ് യുദുവിനെതിരെ അന്വേഷണം കടുപ്പിക്കുന്നത്. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാട്ടിയെന്നും അത് ചോദ്യം ചെയ്യുകയായിരുന്നു എംഎൽഎയേയും മേയറുമെന്നും വരുത്താനാണ് നീക്കം.

എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയെന്നാണ് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എംഎൽഎ ബസിൽ കയറിയ കാര്യം കണ്ടക്ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു. കുറ്റകൃത്യം നടന്നതിനാൽ ബസിനെ പൊലീസ് സ്‌റ്റേഷനിലെത്തിക്കാനുള്ള എംഎൽഎയുടെ നീക്കം നിയമ ലംഘനമാകില്ലെന്ന വിലയിരുത്തലും ഉണ്ട്.

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎ‍ൽഎയും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി. കെ.എസ്.ആർ.ടി.സിയുടെ സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാർ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ സച്ചിൻ ദേവ് എംഎ‍ൽഎയും മേയറുമടക്കം പറഞ്ഞത്. എന്നാൽ ഇതിനെതിരായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇപ്പോൾ സച്ചിൻ ദേവ് എംഎ‍ൽഎ. ബസിൽ കയറി എന്നതിനുള്ള തെളിവാണ് കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്.

ഈ കേസിൽ പൊലീസ് വിശദ നിയമോപദേശം തേടും. ഇത് എതിരായാൽ ഉടൻ കുറ്റപത്രം നൽകും. അപ്പോഴും മേയറേയോ എംഎൽഎയേയോ അറസ്റ്റു ചെയ്യില്ല. അതിന്റെ സാഹചര്യം ഇല്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേ സമയം, മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്‌കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. ഇതിലൂടെ യദുവിനെതിരായ കേസ് കടുപ്പിക്കുകയും ചെയ്യും.

പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ മേയറുടെ മൊഴി വിശ്വസനീയമാണെന്ന നിഗമനത്തിലാണ് പൊലീസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിശോധന നടത്തിയത്.

യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യൽ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴി നൽകാനായി മ്യൂസിയം പൊലീസ് മേയർക്ക് നോട്ടീസ് നൽകിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. ഈ കേസിലും യദുവിനെ അറസ്റ്റു ചെയ്യാൻ സാധ്യത കുറവാണ്. നേരിട്ട് കുറ്റപത്രം നൽകാനാണ് നീക്കം.

മൂന്ന് പരാതികളാണ് ഈ സംഭവത്തിലുള്ളത്. ഇതിൽ ബസിലെ മെമ്മറി കാർഡ് കളവ് പോയതിൽ അന്വേഷണം എങ്ങുമെത്തിയില്ല. ബാക്കി രണ്ട് കേസിലും കുറ്റപത്രം കോടതിയിൽ നൽകും. ആരാണ് കുറ്റക്കാരൻ എന്നത് ഇതോടെ കോടതി നിശ്ചയിക്കുന്ന സ്ഥിതി വരും. ഇതിലൂടെ മറ്റ് വിവാദങ്ങൾ ഒഴിവാകുമെന്ന വിലയിരുത്തലാണ് പൊലീസിനുമുള്ളത്.