ന്യൂഡൽഹി: വിവാഹം കഴിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്നുണ്ടായ വഴക്കിന് പിന്നാലെ യുവതിയെ ലിവിങ് ടുഗദർ പങ്കാളി അതിക്രൂരമായി കൊലപ്പെടുത്തി.ഡൽഹിയിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.ലിവിങ് ടുഗദർ പങ്കാളിയായ ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തിയ അഫ്താബ് അഹമ്മദ് പുനേവാല എന്നയാളാണ് പിടിയിലായത്.

യുവതിയെ കൊന്ന ശേഷം മൃതദേഹം 35 കഷണങ്ങളായി വെട്ടിനുറുക്കിയ പ്രതി,നഗരത്തിന്റെ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.വെട്ടിനുറുക്കിയ ശരീര ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പതിനെട്ട് ദിവസംകൊണ്ടാണ് നഗരത്തിലെ 18 ഇടങ്ങളിൽ ഇയാൾ വലിച്ചെറിഞ്ഞത്.

മുംബൈയിൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് ശ്രദ്ധ യുവാവിനെ പരിചയപ്പെട്ടത്.തുടർന്ന് ഇരുവരും ഡേറ്റിങ് ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു.എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവർ ഡൽഹിയിലെ ഒരു ഫ്ളാറ്റിലേക്ക് താമസംമാറി.ഇവിടെ ഒരുമിച്ച് കഴിയുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു.വിവാഹം കഴിക്കണമെന്ന് ശ്രദ്ധ ആവശ്യപ്പെട്ടതിനേത്തുടർന്നാണ് വഴക്കുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ മകളേക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ഫോണിൽ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ ശ്രദ്ധയുടെ പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്ളാറ്റിൽ എത്തി.എന്നാൽ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു.ഇതോടെ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ചയോടെ കൊലപാതക വിവരം പുറത്തുവരുന്നത്.ഇതേ തുടർന്നാണ് പൊലീസ് അഫ്താബ് അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മെയ് 18-നാണ് സംഭവം നടന്നത്.വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു.മൃതദേഹം 35 കഷ്ണങ്ങളായി വെട്ടി നുറുക്കിയ പ്രതി ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു ഫ്രിഡ്ജ് പുതിയതായി വാങ്ങുകയും ചെയ്തു. കഷ്ണങ്ങളാക്കിയ മൃതദേഹം അടുത്ത 18 ദിവസത്തോളം സ്ഥിരമായി പുലർച്ചെ രണ്ട് മണിക്ക് വീടിന് പുറത്തിറങ്ങി ഡൽഹി നഗരത്തിന്റെ 18 ഭാഗങ്ങളിലായി വലിച്ചെറിയുകയായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.