കണ്ണൂർ :പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബിഎ അവസാന വർഷ വിദ്യാർത്ഥിനി കിഴക്കേ കണ്ടങ്കാളി അംഗൻവാടിക്ക് സമീപത്തെ എൻ. നയന(20)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് ബന്ധുക്കൾ അകത്ത് കയറി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവിന്റെ പരാതിയിൽ
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പൊലീസ് യുവതിയുടെ കിടപ്പുമുറി പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ഡയറിയും മറ്റും പരിശോധിക്കും.

യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ എസ്‌ഐ.എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ പൊലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. മരണകാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. യുവതിയുമായി പയ്യന്നൂരിന് സമീപത്തെ യുവാവ് കുറച്ചു നാളുകൾക്ക് മുമ്പ് വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീടും യുവതി പഠനം തുടർന്നിരുന്നു. കണ്ടങ്കാളിയിലെ പ്രകാശൻ -ബീന ദമ്പതികളുടെ മകളാണ്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി.