ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡൽഹിയിൽ മുഖർജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തിൽ ദൃക്‌സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പെട്ടന്നുള്ള എന്തോ വികാരത്തിൽ യുവതി ആത്മഹത്യ ചെയ്യുകയാണെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് സാധ്യതകളിലേക്കും അന്വേഷണം നീളുമെന്ന് ഉറപ്പാണ്. തന്റെ യുട്യൂബിങ് ചരിത്രം അടക്ക് സ്വാതി തന്നെ പങ്കുവെച്ചിരുന്നു. ഉത്തർപ്രദേശ് മീററ്റിലെ ബദ്‌ല സ്വദേശിയായ സ്വാതി യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടി പത്തുവർഷം മുൻപാണ് ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല.

ഇതിനിടെയാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. ഈ ശ്രമം വിജയിച്ചു തുടങ്ങിയതോടെ പ്രമുഖ യൂട്യൂബറായി ഇവർ മാറുകയായിരുന്നു. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.