- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജസ്ന തിരോധാന കേസില്‍ രണ്ടുപേരെ സംശയം; ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നു: അച്ഛന് ജയിംസ്
പത്തനംതിട്ട: ജസ്ന തിരോധാന കേസില്‍ സിബിഐയുടെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതില്‍ പ്രതികരണവുമായി അച്ഛന് ജയിംസ്. കേസില്‍ രണ്ട് പേരെയാണ് സംശയിക്കുന്നത്. മകളെ അപായപ്പെടുത്തി എന്നാണ് കരുതുന്നത്. തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. തുടരന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ജെയിംസ് പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. പക്ഷേ അന്വേഷണം വഴിതെറ്റിക്കാന്‍ പല ഘട്ടത്തിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ജസ്നയുടെ അച്ഛന്, താന്‍ നല്കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ജസ്നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെ ജസ്നാ കേസില്‍ പലതും അന്വേഷണത്തില്‍ വിട്ടു പോയി എന്നാണ് വ്യക്തമാകുന്നത്. പിതാവ് നല്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്കി. മുദ്രവെച്ച കവറില്‍ നല്കിയ തെളിവുകള്‍ അന്വേഷണ ചുമതലയുള്ള എസ്പിക്ക് കോടതി കൈമാറി. ജസ്നയുടെ സുഹൃത്തിന്റെ ഫോട്ടോ അടക്കം ഇതിലുണ്ടെന്നാണ് സൂചന.
തുടരന്വേഷണത്തില്‍ തെളിവുകള്‍ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ജസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. വ്യാഴാഴ്ച പ്രാര്‍ത്ഥനാലയവുമായി ബന്ധപ്പെട്ടാണ് അച്ഛന്റെ സംശയങ്ങള്‍. മുണ്ടക്കയത്തെ പ്രാര്‍ത്ഥനാലയത്തിന് തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് അച്ഛന്റെ നിലപാട്. ഇവിടെ ജസ്നയെ പ്രാര്‍ത്ഥനയ്ക്ക് കൊണ്ടു പോയ സുഹൃത്താണ് വില്ലനെന്നും പറയുന്നു.
ജസ്ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നല്കിയ റിപ്പോര്‍ട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെയിംസ് ജോസഫ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്ന അജ്ഞാതസുഹൃത്തിനാല്‍ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിബിഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതാണ് അംഗീകരിക്കപ്പെടുന്നത്. ജസ്ന കൊല്ലപ്പെട്ടുവെന്നും അച്ഛന് കരുതുന്നു. മുണ്ടക്കയം വിട്ട് മകള്‍ പോയിട്ടില്ലെന്നാണ് അച്ഛന്റെ നിലപാട്.
കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ. കോടതിയെ അറിയിക്കുകയും കേസില്‍ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറില്‍ ചില തെളിവുകളും ഹാജരാക്കി. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ആവശ്യപ്പെട്ടത്. ജസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ജസ്ന വീട്ടില്‍നിന്ന് പോകുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങള്‍ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടില്‍നിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ജസ്ന രഹസ്യമായി പ്രാര്‍ത്ഥിക്കാന്‍പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജസ്നയുടെ കയ്യില്‍ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ നല്കിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല.
ജെസ്നയുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, എല്ലാം വിശദമായി പരിശോധിച്ചെന്നായിരുന്നു സിബിഐ നിലപാട്. പത്തനംതിട്ട മുക്കോട്ടുത്തറയില്‍നിന്ന് 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതായത്. സ്വന്തം വീട്ടില്‍നിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓട്ടോയില്‍പോയ ജെസ്നയെ കാണാതാകുകയായിരുന്നു. ലോക്കല്‍പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്.