കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ ജര്‍മനിയില്‍ എത്തി. ബെംഗളൂരുവില്‍നിന്ന് സിംഗപ്പൂര്‍ വഴി ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു. രാഹുല്‍ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന് അപേക്ഷ നല്‍കി. രാഹുലിന് ജര്‍മന്‍ പൗരത്വം ഉണ്ട്. അതുകൊണ്ട് തന്നെ മടക്കി കൊണ്ടു വരല്‍ അത്ര എളുപ്പമാകില്ല. ഇത് മനസ്സിലാക്കിയാണ് രാഹുല്‍ സമര്‍ത്ഥമായി രാജ്യം വിട്ടത്.

രാഹുലിന് ജര്‍മന്‍ പൗരത്വമുണ്ട്. ജര്‍മനിയില്‍ എത്തിയതിനാല്‍ ഇയാളെ നാട്ടിലെത്തിക്കാന്‍ നൂലാമാലകള്‍ കൂടും. ഇന്റര്‍പോളിനേയും കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കും. പൊലീസ് ആസ്ഥാനത്തും കേസുമായി ബന്ധപ്പെട്ട പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ട്. പൊലീസിനെ കബളിപ്പിച്ചാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. കേസില്‍ ഇയാളെ നിരീക്ഷിക്കുന്നതില്‍ ലോക്കല്‍ പൊലീസിന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ഇനി ജര്‍മനിയുമായി നയതന്ത്ര ഇടപെടല്‍ അനിവാര്യമാണ്. ജര്‍മനിയെ കേസിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഇന്ത്യ ശ്രമിക്കും. രാഹുല്‍ രണ്ടു വിവാഹം ചെയ്താണ് ഇന്ത്യ വിട്ടതെന്നും ജര്‍മനിയെ അറിയിക്കും.

താന്‍ രാജ്യം വിട്ടെന്ന് സോഷ്യല്‍ മീഡിയാ ലൈവിലൂടെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ വെള്ളം പോലും കുടിക്കാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെയാണ് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്ന് വ്യക്തമാകുന്നത്. പെണ്‍കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളും ഇയാള്‍ ഉന്നയിച്ചു. സമൂഹത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമമായിരുന്നു ഇതെല്ലാം. പന്തീരാകാവ് കേസില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായ ശേഷമാണ് രാഹുല്‍ മുങ്ങിയത്. ഇയാളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നുവെങ്കിലും വിട്ടയച്ചു. കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം. ഇതിലെ പഴുതുകളാണ് പ്രതിയെ ജര്‍മനിയെന്ന സുരക്ഷിത രാജ്യത്ത് എത്തിച്ചത്.

രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുക്കും. അറസ്റ്റും രേഖപ്പെടുത്തിയേക്കും. രാഹുലിന്റെ സഹോദരിയും സംശയ നിഴലിലാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടന്‍ ഛര്‍ദിച്ചതായും വധു പൊലീസിനു മൊഴി നല്‍കി. വീട്ടില്‍ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷന്‍ അസി.കമ്മിഷണര്‍ക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.

രാഹുലിനു ജര്‍മനിയില്‍ ജോലിയുണ്ടെന്നു പറഞ്ഞതു കളവാണോയെന്നു പൊലീസ് സംശയിക്കുന്നു. വിശദമായ അന്വഷണത്തിനു വിദേശ ഏജന്‍സികളുെട സഹായം ആവശ്യമാണ്. ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ആലോചന. പെണ്‍കുട്ടിയെ വിവാഹം കഴിഞ്ഞു ജര്‍മനിയിലേക്കു കൊണ്ടുപോകുമെന്നു രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകള്‍ കളവാണെന്നാണു പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. പൊലീസിന്റെ വീഴ്ചയാണ് രാഹുല്‍ പി ഗോപാല്‍ സിംഗപ്പൂരിലേക്ക് രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു.

വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകി. പൊലീസ് സ്റ്റേഷനിലെത്തിയ രാഹുല്‍ കളി കൈവിട്ടു പോകുമെന്ന് മനസ്സിലാക്കി രാജ്യം വിടുകയായിരുന്നു.