തിരുവനന്തപുരം:റോഡുകളിൽ മോട്ടോർ വാഹന നിയമലംഘനങ്ങൾ കർശ്ശനമായി നടപ്പാക്കാൻ ക്യാമറ കണ്ണുകളുടെ എണ്ണം കൂട്ടുന്നു. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളിൽ 800 ക്യാമറകൾ കൂടി സ്ഥാപിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.ഇതിനായി കെൽട്രോൺ വഴിയാകും പ്രത്യേക പദ്ധതി നടപ്പാക്കുക.പദ്ധതിയുടെ കരട് ധാരണാപത്രം സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചു കഴിഞ്ഞു.

ഡ്രൈവിംഗിനിടെ സീറ്റ്ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തവരെയും ഓവർസ്പീഡും അടക്കമുള്ള ട്രാഫിക് നിയമലംഘകരെയും കണ്ടെത്തുകയാണ് ക്യാമറകളുടെ എണ്ണം കൂട്ടുന്നത് വഴി വകുപ്പ് ലക്ഷ്യമിടുന്നത്.കെൽട്രോൺ തന്നെ സ്വന്തം ഉടമസ്ഥതയിൽ ക്യാമറകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും.പ്രവർത്തനം പൂർണ്ണഗതിയിൽ എത്തിയശേഷമുള്ള നിശ്ചിത കാലാവധി കഴിഞ്ഞ് മാത്രമേ സർക്കാരിന് നടത്തിപ്പ് കൈമാറുകയുള്ളു.

നിലവിൽ സംസ്ഥാനത്തെ നിരത്തുകളിലുള്ള പൊലീസിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ക്യാമറകൾക്ക് പുറമെയാണ് പുതുതായി എണ്ണൂറോളം ക്യാമറകൾ കൂടി വരുന്നത്.ഓവർ സ്പീഡ് കണ്ടെത്താൻ റഡാർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 200 ക്യാമറകൾ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.വാഹനത്തിന്റെ ചിത്രമെടുക്കാനും നമ്പർ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനവും ഈ ക്യാമറകളിലുണ്ടാകുമെന്നും കെൽട്രോൺ വ്യക്തമാക്കുന്നു.