കണ്ണൂർ: കണ്ണൂരിൽ വീണ്ടും വാഹനാപകടം. വൻ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കണ്ണൂർ - കാസർകോട് ദേശീയ പാത കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും ലോഡിങ് തൊഴിലാളിയും അദ്ഭുതകരമായി രക്ഷപ്പെട്ടു.

അപകട കാരണം ദേശീയ പാതയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറിയാണ് കുറ്റിക്കോൽ പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയും അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു

ലോറി റോഡിന് കുറുകെ വീഴുകയും ചെങ്കല്ലുകൾ ചിതറി കിടക്കുകയും ചെയ്തതോടെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പ് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ചെങ്കൽ ലോറി അമിതമായി ലോഡ് കയറ്റി പോകുന്നതാണോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് തളിപറമ്പ് പൊലിസ് അറിയിച്ചു.