കോട്ടയം: ഗൃഹോപകരണ വിതരണ കമ്പനിയിൽ സെയിൽസ് റെപ്രസെന്റേറ്റീവായിരുന്ന യുവാവ് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി. കോട്ടയം കറുകച്ചാൽ ആലപ്പള്ളി രാജീവ് എ. എസിനെതിരെ കമ്പനി ഉടമ പരാതി നൽകി. ചങ്ങനാശ്ശേരി കറുകച്ചാൽ കേന്ദ്രീകരിച്ചുള്ള അഹല്യ ഏജൻസീസ് എന്ന സ്ഥാപനമാണ് പരാതി നൽകിയത്.

കഴിഞ്ഞ ഒക്ടോബർ 31 ാം തീയതിയാണ് ഇയാൾ മുങ്ങുന്നത്. ഇയാൾ ഗൃഹോപകരണങ്ങൾ വിപണനം നടത്തിയിരുന്ന കടകളിൽ നിന്നും പണം വാങ്ങുകയായിരുന്നു. കമ്പനി അധികൃതരെ വിശ്വസിപ്പിക്കുന്ന തരത്തിൽ വ്യാജ ചെക്ക് നൽകി. അറുപത് ദിവസം കമ്പനി വ്യാപാരസ്ഥാപനങ്ങൾക്ക് അവധി നൽകുമായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.

പത്തനംതിട്ട, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, കോന്നി, വടശേരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് പണം തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്തത്. കമ്പനി വേറൊരു ലൈനിലേയ്ക്ക് തിരിയുകയാണ്. അഞ്ച് ലക്ഷത്തിന് പകരം നാല് ലക്ഷം തന്നാൽ മതിയെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വ്യാപാരികൾ ഉടൻ തന്നെ പണം നൽകി. മുപ്പതോളം കടകളിൽ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടേയെന്ന് പരിശോധിക്കുന്നുണ്ട്. മറ്റ് ജീവനക്കാരനിൽ നിന്നും പണം കടം വാങ്ങിയിട്ടും തിരികെ നൽകിയിട്ടില്ല.

തുക എത്താത്തതിനെ തുടർന്ന് കമ്പനി അധികൃതർ പരിശോധന നടത്തിയപ്പോഴാണ് പണം തട്ടിയെടുത്തത് അറിയുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കി ഇയാൾ മുങ്ങി. തുടർന്ന് കമ്പനി ഉടമ മധുകുമാർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. പൊൻകുന്നത്ത് വച്ച് ഇയാളെ കണ്ടതായും സൂചനയുണ്ട്.

ആറു വർഷമായി ഇയാൾ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. അഞ്ച് ലക്ഷം മുതൽ ഒരു ലക്ഷം രൂപ പല കടകളിൽ നിന്നായി ഇയാൾ വാങ്ങിയിട്ടുണ്ട്.