കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ സമർപ്പിച്ച് എൻ.ഐ.എ. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് അലന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന വാദവുമായി എൻ.ഐ.എ അപേക്ഷ നൽകിയത്.അലൻ പഠിക്കുന്ന പാലയാട് ക്യാമ്പസിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയാണ് എൻ.ഐ.എയുടെ നീക്കം.

പാലയാട് കാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിലായ അലൻ ഷുഹൈബ് അടക്കം മൂന്നു പേർക്ക് ധർമ്മടം പൊലീസ് ജാമ്യം നൽകിയിരുന്നു. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ സുബിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് അലൻ ശുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർത്ഥികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.

ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിനെ അലൻ ഷുഹൈബ് റാഗ് ചെയ്‌തെന്നും എസ്.എഫ്.ഐ ഇത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നുമാണ് യൂനിറ്റ് സെക്രട്ടറിയുടെ വിശദീകരണം.എന്നാൽ, കാമ്പസിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാണ് അലന്റെ ആരോപണം. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാതൊടിയെയും അകാരണമായി മർദിച്ചെന്നാണ് അലൻ ആരോപിക്കുന്നത്.

2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.തുടർന്ന് ജയിലിലായ അലനും ത്വാഹക്കും സെപ്റ്റംബറിലാണ് എൻ.ഐ.എ കോടതി ജാമ്യം നൽകിയത്.പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി,അലൻ ഷുഹൈബിന് ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്യുകയായിരുന്നു.