കണ്ണൂർ: ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിനെതിരെ കാട്ടാനയുടെ ആക്രമണം. ഫാമിലെ കള്ളുചെത്ത് തൊഴിലാളിയായ ആർ.പി സിനേഷിനെതിരെയാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സിനേഷിന്റെ ബൈക്ക് തകർന്നു.

സിനേഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പതിവുപോലെ ഫാമിലെ തെങ്ങുകളിൽ നിന്നും കള്ളുചെത്താനായി പോയതായിരുന്നു സിനേഷ്. എതിരെ വന്ന കാട്ടാനയിൽ നിന്നും ഓടിരക്ഷപ്പെട്ടതു കൊണ്ടാണ് ഈയാൾ രക്ഷപ്പെട്ടത്. രണ്ടുമാസം മുൻപ് ആറളം ഫാമിലെ തൊഴിലാളിയെ കാട്ടാനചവുട്ടിക്കൊന്നത്. ഇതുവരെയായി പന്ത്രണ്ടു പേർ ഇവിടെ നിന്നും കൊല്ലപ്പെട്ടിട്ടുണ്ട്.

ജനവാസകേന്ദ്രങ്ങളിലടക്കം ആറഫം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടം വിഹരിക്കുമ്പോഴും ഇതുവരെ നടപടിയെടുക്കാൻ വനംവകുപ്പ് അധികൃതർക്ക് കഴിയുന്നില്ലെന്ന പരാതി ഫാം നിവാസികൾക്കുണ്ട്. കാട്ടാനക്കൂട്ടത്തിന്റെആക്രമണം കാരണം ഫാമിന്റെ ദൈനംദിന പ്രവർത്തനം തന്നെ സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്. ആനമതിൽ അടിയന്തിരമായി നിർമ്മിക്കാൻ മന്ത്രിതലത്തിൽ തീരുമാനമായിരുന്നുവെങ്കിലും വനംവകുപ്പ് വൈദ്യുതിവേലിമതിയെന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയത് തിരിച്ചടിയായി.