തിരുവനന്തപുരം: ബാലുവിന്റെ മരണം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി. ബാലഭാസ്‌കറിന്റെ അപകട മരണത്തെ കുറിച്ച് വീണ്ടും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവന്റെ കൈയിൽ നിന്നും ഒരു പാട് പേർ പണം വാങ്ങിയിട്ടുണ്ട്. ഈ വിഷയം കോടതി കൃത്യമായി വിലയിരുത്തി കാണണം. അതുകൊണ്ടാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. നമ്മുടെ ആവശ്യം ന്യായമാണെന്ന് വന്നിരിക്കുകയാണ്. ഞാൻ, അനാവശ്യമായി പരാതികൊടുത്ത് നടക്കുന്നയാളല്ല. ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് തന്നെയാണ് പരാതി നൽകിയതും.

ഈ സംഭവത്തെ തുടർന്ന്, പുറത്ത് വന്ന പലരുടെയും വാക്കുകളിൽ നിന്നും നമുക്ക് സംശയങ്ങളുണ്ട്. ഇക്കാര്യത്തിൽ നേരത്തെയുള്ള സംശയം തന്നെയാണിപ്പോഴുള്ളത്. ബാലുവിന്റെ സുഹൃത്ത് വിഷ്ണുതന്നെ 50 ലക്ഷം കടം വാങ്ങിയതായി അന്വേഷണ സംഘത്തിന് മൊഴികൊടുത്തിട്ടുണ്ട്. സാധാരണ ആർട്ടിസ്റ്റാണ് ബാലു. അവന്റെ കൈയിൽ നിന്നും അമ്പത് ലക്ഷം എന്നു പറഞ്ഞാൽ, വലിയ തുകയാണ്. നാളനുസരിച്ച് നാളെ അവന്റെ ശ്രാദ്ധ ദിവസമാണ്. എനിക്കുണ്ടായ വലിയ നഷ്ടമാണ്. നികത്താൻ കഴിയാത്ത നഷ്ടം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ അപകടമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. പിന്നെ, പ്രഫഷണലായി ചില പ്രശ്‌നങ്ങളുണ്ട്. അത് ഇത്രമാത്രം ശക്തമല്ല. ഈ കേസിന്റെ പിന്നാലെ സഞ്ചരിക്കുന്നതുകൊണ്ട് ആരുടെ ഭാഗത്തുനിന്നും ഭീഷണികളൊന്നും ഉണ്ടായിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിരിക്കയാണ്.