തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കണമെന്ന പ്രമേയവുമായി ഭാരതീയവിചാരകേന്ദ്രം. അമിതമായ രാഷ്ട്രീയവൽക്കരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസമേഖലയിലെ സമസ്തരംഗത്തും ഈ രാഷ്ട്രീയ ഇടപെടൽ പ്രകടമാ ണ്. നയരൂപീകരണത്തിന്മേലുള്ള രാഷ്ട്രീയ ഇടപെടൽകാരണം വിദ്യാർത്ഥികൾ മൂല്യങ്ങളിൽനിന്നും അകലുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്. അറബി ഭാഷാപഠനം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയും തദ്ദേശിയ സംസ്‌കാര പഠനത്തെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ഈ കാര്യത്തിലുള്ള വിവേചനം വിത്യസ്ത പാഠ്യപദ്ധതികളിൽ പ്രകടമാണ്.

വെസ്ചാൻസിലർ ഉൾപ്പെടെയുള്ള ഉന്നതതല തസ്തികകളിലെ നിയമനങ്ങളിൽ തെളിയുന്ന സങ്കുചിത രാഷ്ട്രീയ താൽപര്യവും സ്വജനപക്ഷപാതവും ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂർ സർവ്വകലാശാല വൈസ്ചാൻസിലർ നിയമനം സുപ്രീംകോടതി റദ്ദ ് ചെയ്ത നടപടി ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയം, ഉന്നതവിദ്യാഭ്യാസമേഖലയിലെ കക്ഷിരാഷ്ട്രീയത്തിന്റെ ഉപകരണമായി മാറിക്കൊണ്ടിരിക്കുന്നു.

ചില വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ പിന്തുണയോട് കൂടി നടത്തുന്ന സമരരീതി സാമാന്യമര്യാദയ്ക്കു നിരക്കാത്തതും മാനവിക മൂല്യങ്ങളുടെ അതിരുകൾ ലംഘിക്കുന്നതുമാണ്. വിരമിക്കുന്ന അദ്ധ്യാപകർക്ക് ചിതയൊരുക്കി യാത്ര അയക്കുന്നതും പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നതിലുമെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്. വിദ്യാർത്ഥി സമരങ്ങളുടെ മറവിൽ നടക്കുന്ന ഇത്തരം രാഷ്ട്രീയ ആഭാസവും അക്രമമവും ഉയർത്തുന്ന വെല്ലുവിളി വളരെവലുതാണ്.

ഭരണകൂടത്തിന്റെ പിന്തുണയോടുകൂടി നടത്തുന്ന ഈ അക്രമങ്ങൾ ദുഃഖകരമാണ്. വിദ്യാഭ്യാസമേഖലയിലെ പൊതുതാൽപര്യത്തെ മുൻ നിർത്തി ഈ നെറികെട്ട അവസ്ഥക്കു മാറ്റം വരുത്തുന്നതിന് സർക്കാരും മറ്റ് ബന്ധപ്പെട്ടവരും സ്വയം തയ്യാറാവണമെന്ന് ഭാരതീയ വിചാരകേന്ദ്രം അഭ്യർത്ഥിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ മൂല്യത്തകർച്ചയ്ക്കു വിരാ മമിടാനും സർവ്വകലാശാലകളുടെ സ്വയം ഭരണം ഉറപ്പുവരുത്താനും കർക്കശമായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ ഉചിതമായ ഇടപെടൽ കേന്ദ്രവിദ്യാഭ്യാസ ഏജൻസികളിൽ നിന്ന് ഉണ്ടാവണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനപ്രസിഡന്റ് ഡോ.സിവി.ജയമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ഡോ.എൻ.ശിവകുമാർ പ്രമേയം അവതരിപ്പിച്ചു.. ആർ.സഞ്ജയൻ, കെ.സി.സുധീർബാബു, വി.മഹേഷ്, ഡോ.കെ.എൻ. മധുസൂദനൻപിള്ള എന്നിവർ പ്രസംഗിച്ചു.