വർക്കല: കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി അപ്രതീക്ഷിതമായി പിന്നോട്ടുരുണ്ട ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മത്സ്യവില്പനക്കാരനായ വർക്കല ശ്രീനിവാസപുരം കണ്വാശ്രമം തെക്കേവിള വീട്ടിൽ അർഷാദ്(49) ആണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരൻ ബൈക്കുപേക്ഷിച്ചു ചാടിമാറിയതിനാൽ രക്ഷപ്പെട്ടു.

വർക്കല തച്ചോട് പൈപ്പിന്മൂട് ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. തച്ചോട്ടുനിന്ന് വട്ടപ്ലാംമൂട് ഭാഗത്തേക്കു പോകുകയായിരുന്ന മൗഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി പൈപ്പിന്മൂട് ജങ്ഷൻ കഴിഞ്ഞുള്ള കയറ്റം കയറുമ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്.

ബ്രേക്ക് നഷ്ടപ്പെട്ട് ബസ് വേഗത്തിൽ പിന്നോട്ടുരുളുകയായിരുന്നു. കച്ചവടത്തിനുള്ള മീനുമായി ബസിനു പിന്നിലായി പോകുകയായിരുന്ന അർഷാദിന്റെ ബൈക്കിൽ ഇടിച്ച ശേഷം വീണ്ടും പിന്നിലേക്കു നീങ്ങി കടയിൽ ഇടിച്ചാണ് നിന്നത്. ബസ് കയറിയിറങ്ങിയ അർഷാദ് തൽക്ഷണം മരിച്ചു. ബൈക്ക് ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.

ബൈക്കുമായി അമ്പത് മീറ്ററോളം പിന്നോട്ടുരുണ്ട ബസ്, കെട്ടിടത്തിലെ സ്റ്റേഷനറി കടയുടെ മുന്നിലേക്കാണ് ഇടിച്ചുകയറിയത്.അപകടം കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ ഭയന്ന് വാവിട്ടു കരഞ്ഞു. അസ്വസ്ഥത പ്രകടിപ്പിച്ച പനയറ സ്വദേശിനി നിഷ(27)യെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം കണ്ടു ഭയന്ന കടയുടമ സുജയെയും ആശുപത്രിയിലേക്കു മാറ്റി. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പട്ടു. ഡ്രൈവർ ഷിബു പിന്നീട് അയിരൂർ സ്റ്റേഷനിൽ കീഴടങ്ങി.ഇയാൾക്കെതിരേ കേസെടുത്തു. അപകടമുണ്ടായതിൽ പ്രകോപിതരായ നാട്ടുകാർ ബസിന്റെ മുന്നിലെ ചില്ല് എറിഞ്ഞുതകർത്തു.

അയിരൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റി. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ, ബസിൽ സ്പീഡ് ഗവേണർ ഉൾപ്പെടെയുള്ള സംവിധാനങ്ങളില്ലെന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി.

വെഞ്ഞാറമൂട് സ്വദേശിയാണ് മരിച്ച അർഷാദ്. ഭാര്യ: സുനീത സോഫിയ. മക്കൾ: അൻവർഷാദ്, നാദിർഷാദ്, ഇർഷാദ്, അർഷാന. കബറടക്കം പനവൂർ മുസ്ലിം ജമാ അത്ത് പള്ളി കബർസ്ഥാനിൽ നടത്തി.

അതേസമയം തച്ചോട്ട് വാഹനാപകടത്തിനിടയാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് വർക്കല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.ദിലീപ് അറിയിച്ചു. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കും. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.