കൂത്തുപറമ്പ്: കൂത്തുപറമ്പിൽ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു. ഏഴ് എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് പൊലിസ് ഇന്ന് കേസെടുത്തത്. ഇതേ സമയം തലശേരി , ഇരിട്ടി കണ്ണൂർ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാർ നടത്തിവരുന്ന മിന്നൽ സമരം തുടരുകയാണ്. കെ. എസ്. ആർ.ടി.സി മാത്രമാണ് ഈറൂട്ടിൽ സർവീസ് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായിട്ടുണ്ട്.

ഇന്നലെ രാത്രി കൂത്തുപറമ്പ് പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാൻ തീരുമാനമായതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചുമെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചിരുന്നുവെങ്കിലും ജീവനക്കാർ ഇന്ന് രാവിലെയും പണിമുടക്ക് തുടരുകയായിരുന്നു. ഇരിട്ടി- തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ച് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ പണിമുടക്ക് ആരംഭിച്ചത്.

ഇതേ തുടർന്ന്വിവിധഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ജീപ്പുകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്. കഴിഞ്ഞ ദിവസം ഇതിനു സമാനമായി മയ്യിൽ റൂട്ടിലും മിന്നൽ ബസ് സമരമുണ്ടായിരുന്നു.