- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം വാങ്ങി വഞ്ചിച്ചുവെന്ന് പരാതി; കെ സുധാകരന് എതിരെ വിജിലൻസിൽ പരാതി നൽകിയ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന് എതിരെ കേസ്; കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ സാമ്പത്തിക തട്ടിപ്പു ആരോപണങ്ങൾ ഉന്നയിച്ചു വിജിലൻസിൽ പരാതി നൽകിയ മുൻഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെയും കരിക്കോട്ടക്കരി പൊലിസ് തട്ടിപ്പുകേസെടുത്തു. വായ്പാകുടിശിക ഒഴിവാക്കി തരാമെന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചുവെന്ന പരാതിയിൽ മട്ടന്നൂർകോടതി നിർദ്ദേശപ്രകാരമാണ് പ്രശാന്ത്ബാബുവിനെതിരെ പൊലീസ് കേസെടുത്തത്.
ആനപന്തിയിലെ തോമസ് ഉണ്ടശാംപറമ്പിലാണ് പരാതിക്കാരൻ. ജില്ലാ ബാങ്കിൽ ഭവനവായ്പ കുടിശികയായത് ഒഴിവാക്കി തരാമെന്നും റിസ്‌ക് ഫണ്ട് ആനുകൂല്യങ്ങൾ വാങ്ങിതരാമെന്നും പറഞ്ഞു പ്രശാന്ത് ബാബു 3.49ലക്ഷം രൂപ വാങ്ങിയെന്നും ജപ്തി നടപടികൾ വന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതെന്നുമനസിലായെന്നും പറഞ്ഞു തോമസ് മട്ടന്നൂർ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോടതി കരിക്കോട്ടക്കരി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
പ്രശാന്ത് ബാബു 2021-ൽ നൽകിയ പരാതിയിലാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വിജിലൻസ് കേസ് അന്വേഷണം നടക്കുന്നത്. പ്രശാന്ത് ബാബുവിനെ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് കരിക്കോട്ടക്കരി പൊലിസ് അറിയിച്ചു. കെ.സുധാകരന്റെ മുൻ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു മുൻ കണ്ണൂർ നഗരസഭാ കൗൺസിലർ കൂടിയായിരുന്നു. സുധാകരനുമായി തെറ്റിയതിനു ശേഷമാണ് അഴിമതി ആരോപണങ്ങളുമായി ഇദ്ദേഹം രംഗത്തുവന്നത്.
ചിറക്കൽ സ്‌കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കരുണാകരൻ മെമോറിയൽ ട്രസ്റ്റ് രൂപീകരിച്ചു കെ.സുധാകരന്റെ നേതൃത്വത്തിൽ കോടികൾ പിരിക്കുകയും സ്‌കൂൾ ഏറ്റെടുക്കൽ നടക്കാത്തതിനെ തുടർന്ന് ഈ പണം നിക്ഷേപകർക്ക് തിരിച്ചു നൽകിയില്ലെന്നും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു. ഗൾഫിൽ നിന്നടക്കമാണ് ഇതിനായി പണം പിരിച്ചെടുത്തതെന്നാണ് പരാതി. ഈ ആരോപണത്തിലാണ് വിജിലൻസ് അനേഷണം സുധാകരനെതിരെ നടന്നുവരുന്നത്.
എന്നാൽ ഇതിനുസമാനമായി പ്രശാന്ത് ബാബുവിനെതിരെയും നിരവധി തട്ടിപ്പു പരാതികൾ ഉയർന്നിട്ടുണ്ട്. മാടായിയിലെ ഒരു എയ്ഡഡ് സ്‌കൂളിൽ ജോലി ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു തന്റെ മകളിൽ നിന്നും പതിനഞ്ചുലക്ഷം രൂപ പ്രശാന്ത്ബാബു വാങ്ങുകയും പണമോ ജോലിയോ കിട്ടിയില്ലെന്നു മേലെചൊവ്വയിലെ ഒരുവീട്ടമ്മ പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസിൽ പരാതിനൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്നാണ് വീട്ടമ്മയുടെ പരാതി.




