കോഴിക്കോട്: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. ആര്യാ രാജേന്ദ്രൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാൻ നിലവിലെ മേയർ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല. അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യയുടേതെന്നും മുരളീധരൻ കടന്നാക്രമിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും മുരളീധരൻ രംഗത്തെത്തി. ഗവർണറുടെ മാനസിക നില പരിശോധിക്കണം. എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തിയെന്നാണ് മുരളീധരൻ വിമർശിച്ചത്. രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമങ്ങളെ ഇറക്കി വിടുന്നത് അംഗീകരിക്കാൻ ആകില്ല. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ലെന്നും കെ മുരളീധരൻ കൂട്ടിചേർത്തു.

കത്ത് വിവാദത്തിൽ മേയർക്കെതിരെ ഇന്നും തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരിൽ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു.

'മേയർ ധിക്കാരം കുറയ്ക്കണം. മേയർ രാജിവെക്കേണ്ട, ജനങ്ങൾ അടിച്ച് പുറത്താക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണ്. ഈ സർക്കാർ വന്നതിന്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പെൻഷൻ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂർ നാഗപ്പന്മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു. പങ്ക് കച്ചവടത്തിൽ വിഹിതം കിട്ടാത്തവരാണ് മേയറുടെ കത്ത് പുറത്താക്കിയത്', ചെന്നിത്തല ആരോപിച്ചു.