തിരുവനന്തപുരം : കോർപ്പറേഷൻ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം കത്തുന്നു. മേയർ ആര്യാ രാജേന്ദ്രനെതിരായ പ്രതിഷേധം ഇന്നും സംഘർഷത്തിൽ കലാശിച്ചു. നഗരസഭയിലേക്ക് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

പൊലീസും പ്രവർത്തരും നേർക്കുനേരെയെത്തിയതോടെ തിരുവനന്തപുരം നഗരസഭാ പരിസരം യുദ്ധക്കളമായി. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. കോർപറേഷനു മുന്നിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ചിതറിയോടിയ പ്രവർത്തകർ വീണ്ടും സ്ഥലത്തേക്കെത്തി പ്രതിഷേധിച്ചു. പൊലീസിനും മാധ്യമ പ്രവർത്തകർക്കും നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരു മാധ്യമ പ്രവർത്തകനു പരുക്കേറ്റു. മാർച്ചിനിടെ പൊലീസിന് നേരെ പിറകിൽ നിന്നുമാണ് കല്ലേറുണ്ടായത്. പിന്നാലെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തുകയായിരുന്നു. ടിയർ ഗ്യാസും പ്രയോഗിച്ചു.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഹോസ്റ്റലിനുള്ളിലെ എസ് എഫ്‌ഐ പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കല്ലേറുണ്ടായതോടെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘർഷം ഒഴിവായത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രസംഗം അവസാനിച്ചശേഷമാണ് ബാരിക്കേഡ് മറികടക്കാൻ ശ്രമം ഉണ്ടായത്. ജലപീരങ്കി ഉപയോഗിച്ചതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എൽഎംഎസ് കോംപൗണ്ടിലേക്കും അടുത്തുള്ള കെട്ടിടങ്ങളിലേക്കും ഓടി കയറിയ പ്രവർത്തകർ തിരികെയെത്തി പ്രതിഷേധിച്ചു. ചില പ്രവർത്തകർ ബാരിക്കേഡിനു താഴെ കുത്തിയിരുന്നും പ്രതിഷേധിച്ചു.

കണ്ണീർ വാതക പ്രയോഗം തൽക്കാലത്തേക്കു നിർത്തിയപ്പോൾ പ്രവർത്തകർ തിരികെയെത്തി. പ്രവർത്തകർ വീണ്ടും കൂട്ടമായി എത്തി ബാരിക്കേഡ് മാറ്റാൻ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ കൂട്ടാകാതെ പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. സംഘർഷം മുക്കാൽ മണിക്കൂറോളം നീണ്ടതോടെ റോഡിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു.