കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് രാജിവെച്ച സി.പി. എം നഗരസഭാ കൗൺസിലർ സി.പി. എം സർവീസ് സംഘടനയായ ജോയന്റെ് കൗൺസിലിൽ ചേർന്നത് വിവാദമാകുന്നു. മൃഗസംരക്ഷണവകുപ്പിൽ നിയമനം ലഭിച്ച കോട്ടൂർ സ്വദേശിനിയും ഇരുപത്തിമൂന്നാം ഡിവിഷൻ കൗൺറിലറുമായ ടി.സി ഭവാനിയാണ് നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ചത്.

എന്നാൽ സർവീസിൽ പ്രവേശിച്ച ഇവർ സി.പി. എം പോഷക സംഘടനയായ എൻ.ജി.ഒ യൂനിയനിൽ അംഗത്വമെടുക്കാതെ സി.പി. ഐ നിയന്ത്രിതമായ സർവീസ് സംഘടനയായ ജോയന്റ് കൗൺസിലിൽ അംഗത്വം സ്വീകരിച്ചതാണ് വിവാദമായത്. ഇതോടെ ഇവർ സി.പി. എം വിടുമെന്ന അഭ്യൂഹവുമായി സോഷ്യൽമീഡിയയിൽ വാർത്ത പ്രചരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസംജോയിന്റ് കൗൺസിൽ ഇരിക്കൂർ മേഖലാ പ്രസിഡന്റ് കെ.വിജിതിലിൽ നിന്നുമാണ് ഇവർ അംഗത്വം സ്വീകരിച്ചത്.. ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം പി.റഹ്മത്ത്., എസ്.ഡബ്ലു.ടി.ഡി.ഇ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

സർക്കാർ ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളായ പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ഏക സർവീസ് സംഘടനയായതു കൊണ്ടാണ് ജോയിന്റ് കൗൺസിലിൽ ചേർന്നതെന്ന് മെമ്പർഷിപ്പ് സ്വീകരിക്കാൻ കാരണമായി ഭവാനി പറഞ്ഞിരുന്നുവെന്ന് ജോയന്റ് കൗൺസിൽ നേതാക്കൾ പറയുന്നു. എന്നാൽ മുൻനഗരസഭാ കൗൺസിലർ പാർട്ടി പോഷക സംഘടനയായ എൻ.ജി.ഒ യൂനിയനിൽ ചേരാതെ ജോയന്റ് കൗൺസിൽ ചേർന്നത് സി.പി. എമ്മിന് തങ്ങളുടെ ശക്തികേന്ദ്രമായ ശ്രീകണ്ഠാപുരത്ത് വൻതിരിച്ചടിയായിട്ടുണ്ട്.

ഇതിന്റെ ക്ഷീണം മറച്ചുവയ്ക്കാനായി ഭവാനി പാർട്ടിവിട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന വാദവുമായി സി.പി. എം ശ്രീകണ്ഠാപുരം ഏരിയാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭവാനിയെ കൊണ്ടുത ന്നെ വാർത്തഅടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പാർട്ടി തിരുത്തിച്ചു. താൻ സി.പി. എം ബന്ധമുപേക്ഷിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും സർക്കാർ ജോലിലഭിച്ചതോടെ വാർഡ് കൗൺസിലർ സ്ഥാനം ശ്രീകണ്ഠാപുരം ഏരിയാകമ്മിറ്റിയുടെ അനുമതിയോടെയാണ് രാജിവെച്ചതെന്നും ടി.സി ഭവാനി പറഞ്ഞു.

മറ്റൊരു സംഘടനയുടെ മെംപർഷിപ്പ് ഏറ്റുവാങ്ങുന്ന ഫോട്ടോ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഭവാനി പറയുന്നത്. ഭവാനി പാർട്ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ലെന്നും അവർ സി.പി. എമ്മിൽ തുടരുകതന്നെചെയ്യുമെന്ന് സി.പി. എം ശ്രീകണ്ഠാപുരം ഏരിയാ നേതൃത്വം അറിയിച്ചു.കണ്ണൂർ ജില്ലയുടെ മലയോരമേഖലയായ ശ്രീകണ്ഠാപുരത്ത് എൽ. ഡി. എഫ് ഘടകകക്ഷിയായ സി.പി. ഐക്ക് സ്വാധീനമുള്ള പ്രദേശമുണ്ട്.ഇവിടെ ഇരുപാർട്ടികളും തമ്മിൽ ചില സ്ഥലങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഭവാനിയുടെ വിവാദം വന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള ചേരിപ്പോര് മൂർച്ഛിച്ചിരിക്കുകയാണ്.