കണ്ണൂർ: കണ്ണൂരിൽ കടൽ തീരത്തെ ചതുപ്പ് നിലമായ തെങ്ങിൻ തോപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി എടക്കാട് പൊലിസ് അറിയിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പ് ബീച്ചിന് സമീപം യുവാവിന്റെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.

എടക്കാട് കുറ്റിക്കകത്തെ സുമോദ് (39) മരിച്ചത് തലക്ക് അടിയേറ്റാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതു പുറത്തുവന്നതോടെയാണ് പ്രതിക്കായി പൊലീസ് അന്വേഷണമാരംഭിച്ചത്. സുമോദ് മരിച്ചു കിടക്കുന്നസ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമാണ് ഒരാളെ എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എടക്കാട് കുറ്റിക്കകം പറമ്പിൽ ഹൗസിൽ പ്രഭാകരന്റെയും കമലയുടെയും മകൻ സുമോദിനെ (38) ആണ് തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുറ്റിക്കകം മുനമ്പ് പാറപ്പള്ളി ബീച്ചിന് സമീപം ആളൊഴിഞ്ഞ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ പ്രദേശവാസി കണ്ടെത്തിയത്.
മരണത്തിൽ സംശയമുന്നയിച്ചു ബന്ധുക്കൾ പരാതി നൽകിയിരുന്നു ഇതേ തുടർന്നാണ് എടക്കാട് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത് .

കസ്റ്റഡിയിലുള്ളയാൾ സുമോദുമായി അടുപ്പമുള്ളയാളാണ്. ഞായറാഴ്ച രാത്രി ഇവരെ ഒന്നിച്ചു കണ്ടുവെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തത്. തലയ്ക്ക് ഇരുമ്പ് വടി കൊണ്ടോ കല്ലോ കൊണ്ടോ മാരകമായി മുറിവേറ്റാണ് സുമോദ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ചൊവ്വാഴ്‌ച്ച രാവിലെ സംസ്‌കരിച്ചു. വാക്കുതർക്കമോ വ്യക്തി വൈരാഗ്യമോയാണ് കൊല പാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.