കൊച്ചി: കളമശ്ശേരി പ്രീമിയർ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുൻ വശത്ത് വച്ച് സഹോദരന്മാരായ വിവേകിനേയും വിനോയിയേയും ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന പ്രതികളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കടുങ്ങല്ലൂർ വില്ലേജിൽ മുപ്പത്തടം ഭാഗത്ത് മതേലിപ്പറമ്പിൽ വീട്ടിൽ ബാബു മകൻ അമൽ ബാബു (23), കടുങ്ങല്ലൂർ വില്ലേജിൽ മുപ്പത്തടം ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ കേശവദാസ് മകൻ അർജ്ജുൻ (30) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 20 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികൾ രണ്ടു പേരും സഹോദരന്മാരായ വിവേകും വിനോയും ആയി കളമശ്ശേരി റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് വാക്കു തർക്കമുണ്ടാകുകയും അതിലുണ്ടായ വിരോധത്താൽ അന്നേ ദിവസം വൈകീട്ട് കളമശ്ശേരി പ്രീമിയർ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുൻവശത്തു വച്ച് പ്രതികൾ വിവേകിനേയും വിനോയിയേയും തടഞ്ഞു നിർത്തി ആക്രമിക്കുകയും ബാറിൽ കയറി ബിയർ കുപ്പി എടുത്തു കൊണ്ടു വന്ന് രണ്ടു പേരേയും കഴുത്തിലും തലയിലും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ശേഷം സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവിൽ പോകുകയായിരുന്നു.

തുടർന്ന് വിവേകിന്റെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് കളമശ്ശേരി പൊലീസ് അന്വേഷണം നടത്തി വരവേ ഇന്ന് കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജോസഫ് ,ബാബു എ എസ് ഐ അബു,സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒ ഷിബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവർ മോഷണം പിടിച്ചുപറി സ്ത്രീ പീഡനം മയക്കുമരുന്ന് അടിപിടി വധശ്രമം തുടങ്ങിയ നിരവധി കേസ്സുകളിലും 2023 ൽ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച കേസ്സിലും പ്രതികളാണ്. ബഹു: കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.