ആലുവ: പൊലീസിൽ കഞ്ചാവ് വിൽപന അറിയിച്ചതിനെ തുടർന്ന് യുവാവിന് മർദ്ദനം. എറണാകുളം ആലുവയിൽ കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയ യുവാവിനാണ് ക്രൂരമർദനമേറ്റത്. കഞ്ചാവ് സംഘം വടാട്ടുപാറ സ്വദേശി ആൽബർട്ടിനെയാണ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യുവാവ് സംഭവത്തിൽ ആലുവ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെ ആലുവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകുന്നേരം കഞ്ചാവ് വിൽപന നടക്കുന്നത് കണ്ട യുവാവ് പരിചയത്തിലുള്ള ഒരു പൊലീസുകാരനെ വിളിച്ച് അറിയിച്ചിരുന്നു. ഇതറിഞ്ഞ കഞ്ചാവ് സംഘം ഇവിടെ നിന്ന് ഓടിരക്ഷപെടുകയും ചെയ്തിരുന്നു.

തുടർന്ന് ഇന്ന് രാവിലെ ഇതിന്റെ വൈരാഗ്യത്തിൽ സംഘം വീണ്ടുമെത്തി , യുവാവിനെ മർദിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചായ കുടിക്കാനെത്തിയപ്പോഴാണ് യുവാവിനെ കഞ്ചാവ് വിൽപ്പനക്കാർ മർദിച്ചത്.