കണ്ണൂർ: ഇരിക്കൂർ പടിയൂർ ചാളംവയൽ കോളനിയിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ അനുജൻ അറസ്റ്റിൽ. ചാളംവയൽ കോളനിയിലെ രാജീവനെ(43) കുത്തിക്കൊന്ന കേസിലാണ് അനുജൻ സജീവനെ(40) കണ്ണൂർ റെയിൽവെസ്റ്റേഷനിൽ വെച്ചു ബുധനാഴ്‌ച്ച രാവിലെ ഇരിക്കൂർ പൊലിസ് അറസ്റ്റു ചെയ്തത്.

മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ പ്രതി വീട്ടുമുറ്റത്ത് മീൻ മുറിച്ചു കൊണ്ടിരിക്കുകയായിരുന്ന രാജീവനെ വാക്കേറ്റത്തിനിടെ കത്തിക്കൊണ്ടു കുത്തി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രാജീവൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണമടയുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരിക്കൂർ സി. ഐ അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വീരാജ് പേട്ട, സിദ്ധാപുരം, ഗോണിക്കുപ്പ, തുടങ്ങിയ സ്ഥലങ്ങളിലും കർണാടക വനത്തിലും അന്വേഷണം നടത്തിവരുന്നതിനിടെ ഇയാൾ കണ്ണൂർ റെയിൽവെസ്റ്റേഷൻ പരിസരത്തുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ റെയിൽവെ പൊലിസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതിയുമായി ഇരിക്കൂർ പൊലിസ് ചാളം വയൽ കോളനിയിലും കൊലപാതകം നടത്തിയതിനു ശേഷം കിടന്നുറങ്ങിയ ഇരിക്കൂർ സ്‌കൂൾ ഗ്രൗണ്ടിലുമെത്തിച്ചു തെളിവെടുപ്പു നടത്തി. എസ്. ഐമാരായ മനോഹരൻ, സത്യനാഥൻ, സിവിൽ പൊലിസ് ഓഫീസർമാരായരഞ്ജിത്ത്, ജയരാജൻ, നിധീഷ് എന്നിവരും കേസ് അന്വേഷണത്തിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.