തൃശ്ശൂർ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് പുറമേ, വൻ പ്രവേശനനികുതി അടയ്‌ക്കേണ്ട സാഹചര്യത്തിൽ കേരളത്തിലേക്കുള്ള സർവീസുകൾ അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ അവസാനിപ്പിക്കുന്നു. മൂന്നുലക്ഷം രൂപ മുടക്കിയാണ് ഓൾ ഇന്ത്യ പെർമിറ്റെടുക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കും ആഭ്യന്തര ടൂറിസത്തിനും തീരുമാനം തിരിച്ചടിയാണ്.

40 സീറ്റുള്ള ബസുകൾക്ക് മൂന്നു മാസത്തേക്ക് കേരളത്തിൽ സർവീസ് നടത്തണമെങ്കിൽ 90,000 രൂപ മുതൽ 1.50 ലക്ഷം രൂപ വരെയാണ് നികുതി ഈടാക്കുന്നത്. എന്നാൽ, ടിക്കറ്റു നിരക്ക് കുത്തനെ കൂട്ടാതെ നികുതിഭാരം താങ്ങാൻ കഴിയില്ലെന്നാണ് ബസ്സുടമകളുടെ വാദം.

തമിഴ്‌നാട്ടിൽ ഏഴു ദിവസത്തേക്കും 30 ദിവസത്തേക്ക് മൂന്നു മാസത്തെ കാലാവധിയിലും നികുതി അടയ്ക്കാനുള്ള അവസരമുണ്ട്. എന്നാൽ, കേരളത്തിൽ എല്ലാ വാഹനങ്ങൾക്കും മൂന്നു മാസത്തേക്ക് മാത്രമേ നികുതി അടയ്ക്കാൻ കഴിയൂ. ശബരിമല തീർത്ഥാടനത്തിനായി ഒറ്റത്തവണയെത്തുന്ന വാഹനങ്ങൾക്കുൾപ്പെടെ ഇത്തരത്തിൽ മൂന്നു മാസത്തെ നികുതി അടയ്‌ക്കേണ്ടിവരും.

രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കി ഇന്ത്യാ പെർമിറ്റ് തുകയുടെ ഒരു വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതേസമയം ടൂറിസ്റ്റ് ബസുകൾക്ക് ഇരട്ടനികുതി നൽകേണ്ട സാഹചര്യമുണ്ടാക്കിയത് കേന്ദ്രസർക്കാരെന്ന വാദമാണ് മോട്ടോർ വാഹനവകുപ്പ് ഉയർത്തുന്നത്.

2021-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ആൻഡ് ഓതറൈസേഷൻ റൂൾ പ്രകാരം ഏതെങ്കിലും സംസ്ഥാനത്ത് വാഹനം രജിസ്റ്റർ ചെയ്താൽ ഏതു സംസ്ഥാനത്തേക്കും സർവീസ് നടത്താൻ അനുമതി ലഭിക്കും. എന്നാൽ, നികുതി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്ന നിയമത്തിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കേരളത്തിൽ പുതിയ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ നടത്താൻ നാലു മുതൽ 4.5 ലക്ഷം രൂപ വരെ മുടക്കണം. നാഗാലാൻഡിലും അരുണാചൽ പ്രദേശിലുമടക്കം രജിസ്റ്റർ ചെയ്യുന്നതിന് ചെലവ് 25,000 രൂപ മാത്രമാണ്. ഇതോടെ കേരളത്തിൽനിന്നടക്കം വ്യാപകമായി ബസുകൾ ഇത്തരം സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തശേഷം ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത് സംസ്ഥാനങ്ങളിലെല്ലാം ഓടിക്കാൻ തുടങ്ങി. ഇത് വലിയ തോതിലുള്ള വരുമാനനഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്.