മലപ്പുറം; രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പാണ്ടിക്കാട് വൻ ലഹരിമരുന്ന് വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരാണ് പിടിയിലായത്. മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി ഉമ്മർഫറൂഖ്, പട്ടിക്കാട് വലമ്പൂർ സ്വദേശി ഷമീൽ എന്നിവരാണ് പിടിയിലായത്.ഇവരിൽ ഉമ്മർഫറൂഖ് പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗൺഷുഗർ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവരിൽ നിന്നും എംഡിഎംഎ പിടികൂടിയത്.

ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി പള്ളിയാൽതൊടി ഉമ്മർഫറൂഖ്,പട്ടിക്കാട് വലമ്പൂർ സ്വദേശി പുത്തൻവീട്ടിൽ ഷമീൽ എന്നിവരെയാണ് പാണ്ടിക്കാട് സിഐ.റഫീഖ് , എസ്‌ഐ അബ്ദുൾ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.ഉമ്മർഫറൂഖിന്റെ കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്.

ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.